തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായ ലോക കേരളസഭ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ലോക കേരളസഭ പഴയ രീതിയില്‍ തുടരേണ്ട എന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടൊണ് നയം വ്യക്തമാക്കിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ചത് പോലുള്ള ആഡംബര ലോക കേരളസഭ ഇനി സംസ്ഥാനത്ത് നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലേയില്ലെന്നും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ലോക കേരളസഭയുടെ ആറാമത് എഡിഷനു വേണ്ടി ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. നിലവില്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോക കേരളസഭയുമായി ബന്ധപ്പെട്ട ദൈനംദിന ഭരണനിര്‍വഹണചെലവുകള്‍ക്ക് മാത്രമാണ് തുക നീക്കിവെച്ചിരിക്കുന്നതെന്ന വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
നോര്‍ക്ക വഴി വര്‍ഷങ്ങളായി നടത്തുന്ന ലോക കേരളസഭ കേരളത്തിന് നാണക്കേടാണെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടക്കുന്ന ധൂര്‍ത്താണെന്നും മുഖ്യമന്ത്രി മുമ്പ് കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല ചില പ്രാഞ്ചിയേട്ടന്‍മാരുടെ സഭയാണെന്നും വിമര്‍ശമുയര്‍ന്നിരുന്നു. സമ്പത്തുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് മുന്‍നിരയില്‍ ഇരുത്തുന്ന ഇത്തരം പരിപാടികള്‍ ജനാധിപത്യ സര്‍ക്കരുകള്‍ക്ക് ചേര്‍ന്നതല്ലെന്നും അന്ന് കുറ്റപ്പെടുത്തിയിരുന്നു. ലോകത്തിലെ 125 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം പ്രതിനിധികളാണ് 5-ാം ലോകകേരള സഭയില്‍ പങ്കെടുത്തത്. എന്നാല്‍, ഇന്നത്തെ ഭരണപക്ഷമായ അന്നത്തെ പ്രതിപക്ഷമായ യു.ഡി.എഫ് ലോകകേരള സഭ പൂര്‍ണ്ണമായി ബഹിഷ്‌കരിക്കുകയാണുണ്ടായത്. ആ പശ്ചാത്തലത്തില്‍ കൂടിയാണ് ലോക കേരളസഭയുടെ അടുത്ത എഡിഷനിലേക്ക് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.
