തിരുവനന്തപുരം: ഏഴിടങ്ങളില്‍ തദ്ദേശ ജനപ്രതിനിധികള്‍ നിയമസഭയിലേക്ക് മല്‍സരിച്ച് എംഎല്‍എമാരായതും ചില വാര്‍ഡുകളില്‍ അംഗങ്ങള്‍ക്ക് മരണവം സംഭവിച്ചതും ചിലര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതും മറ്റ് ചിലര്‍ പാര്‍ട്ടി വിട്ട് മറുകണ്ടം ചാടിയതുമാണ് ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. തിരുവനന്തപുരം ജില്ലയില്‍ 5 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷന്‍, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര്‍ ഡിവിഷന്‍, മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡ്, തിരുപുറം പഞ്ചായത്തിലെ പഴയകട വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ മംഗലപുരം പഞ്ചായത്തിലെ ജനവിധി നിര്‍ണായകമാകും. 22 അംഗ പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും 7 സീറ്റുകള്‍ വീതമാണുള്ളത്. ഇവിടെ കോണ്‍ഗ്രസ് വിമതന്റെ സഹായത്തോടെയാണ് എല്‍.ഡി.എഫ് ഭരിക്കുന്നത്. യു.ഡി.എഫ് അനുകൂലമാണ് ജനവിധിയെങ്കില്‍ മംഗലപുരം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമാകും.

കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍ തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാര്‍ഡുകള്‍, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകള്‍, 7 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായി നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആകെ 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിംഗ് സമയം. വോട്ടെണ്ണല്‍ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. ഉച്ചയോടെ ഫലം പൂര്‍ണമായും അറിയാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ നാലുമാസത്തെ ഭരണം ഈ ഉപതെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.