തിരുവനന്തപുരം: കേരളത്തില്‍ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 18 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 19 സീറ്റുകള്‍ യുഡിഎഫ് നേടി. അടുത്തിടെ സഖ്യകക്ഷിയായ ട്വന്റി 20യിലൂടെ എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു. അതേസമയം ബിജെപി മല്‍സരിച്ച സീറ്റുകളിലൊന്നും വിജയിക്കാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍, യുഡിഎഫ് എല്‍ഡിഎഫിന്റെ നാല് സീറ്റുകളും പിടിച്ചെടുത്തു. ജയിച്ച സീറ്റുകളില്‍ ഭൂരിപക്ഷത്തിലും കുറവ് സംഭവിച്ചു. പാലക്കാട് ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ രാജിവെച്ച സീറ്റില്‍ എല്‍ഡിഎഫ് നറൂക്കെടുപ്പിലൂടെ വിജയിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലും അട്ടിമറി വിജയമാണുണ്ടായത്. ഇവിടെ യുഡിഎഫ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കുറ്റിച്ചിറയില്‍ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിന്റെ സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. തൃക്കൊടിത്താനത്ത് വിനു ജോബ് എംഎല്‍എ രാജിവെച്ച വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി.

തൃക്കൊടിത്താനത്തും എല്‍എഡിഎഫിന് അട്ടിമറി വിജയം നേടാനായി. ഫാത്തിമ തഹ്ലിയയുടെ കുറ്റിച്ചിറയിലും സിവി ശാന്തകുമാറിന്റെ അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 58.81% പേരാണ് വോട്ട് രേഖപ്പെടുത്തിയത്.