ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനും ദുബായ് രാജകുടുംബാംഗവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. 76 വയസ്സായിരുന്നു. 2026 സെപ്റ്റംബര്‍ 21 തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇന്നുമുതല്‍ ദുബായില്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എമിറേറ്റിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് അധികൃതര്‍ അറിയിച്ചു.
സഹോദരന്റെ വിയോഗത്തില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചനം രേഖപ്പെടുത്തി. വേപര്‍പാടിന്റെ വേളയില്‍ തന്റെ സഹോദരന് ദൈവത്തിന്റെ കൃപയുണ്ടാകട്ടെയെന്നും ഉദാരമനസ്‌കനും മഹാനുമായ നാഥന്റെ സന്നിധിയിലാണ് തന്റെ സഹോദരന്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ദുബായ് ഭരണാധികാരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രിയ സഹോദരാ ഞങ്ങളുടെ കണ്ണുകള്‍ക്ക് മുന്നില്‍ നീ ഇല്ലായെങ്കിലും ഞങ്ങളുടെ പ്രാര്‍ത്ഥനകളിലും ഹൃദയങ്ങളിലും എപ്പോഴും നിറഞ്ഞുനില്‍ക്കുമെന്നും ഷെയ്ക്ക മുഹമ്മദ് അനുസ്മരിച്ചു.
സഹോദരന്റെ വിയോഗത്തില്‍ ദു:ഖാര്‍ത്തരായ ദുബായ് ഭരണാധികാരിയെയും കുടുംബാംങ്ങളെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ രൂപീകരണം മുതല്‍ നാളിതുവരെയുള്ള വികസനത്തിനായി ഷെയ്ഖ് അഹമ്മദ് നല്‍കിയ സംഭാവനകള്‍ യു.എ.ഇ-യുടെ പുരോഗതിയിലേക്കുള്ള യാത്രയ്ക്ക് എന്നും പ്രചോദനമാണെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു.
കുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്നു ഷെയ്ക്ക് അഹമ്മദെന്നും അദ്ദേഹം തങ്ങളുടെ ഹൃദയങ്ങളിലും ഓര്‍മ്മകളിലും പ്രാര്‍ത്ഥനകളിലും എന്നുമുണ്ടാകുമെന്നും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ദുബായ് എമിറേറ്റിന്റെ സ്ഥാപകനും യു.എ.ഇ മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ നാല് മക്കളില്‍ ഇളയ മകനായിരുന്നു ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് പോലീസ് ആന്‍ഡ് പബ്ലിക് സര്‍വീസസ് ഡെപ്യൂട്ടി ചെയര്‍മാന്‍, അല്‍ വാസ്ല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ ഷെയ്ഖ് അഹമ്മദ് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുകെ റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം ഷെയ്ഖ് അഹമ്മദ് ദുബായ് സെന്‍ട്രല്‍ മിലിട്ടറി റീജിയണില്‍ ചേരുകയും കാലക്രമേണ അദ്ദേഹം മിലിട്ടറി റീജിയന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി ചുമതലയേല്‍ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നായി സെന്‍ട്രല്‍ മിലിട്ടറി റീജിയണ്‍ മാറിയത്.
കായിക രംഗത്ത് ഷെയ്ക് അഹമ്മദ് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. അല്‍ വാസ്ല്‍ സ്പോര്‍ട്സ് ക്ലബ്ബുമായി ഷെയ്ഖ് അഹമ്മദിന് ഉണ്ടായിരുന്നത് പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ്. 6 പതിറ്റാണ്ട് കാലത്തോളം അദ്ദേഹം അല്‍ വാസ്ല്‍ ക്ലബിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഫുട്‌ബോളിലും മറ്റ് കായിക ഇനങ്ങളിലും മത്സരിക്കാന്‍ പ്രാപ്തിയുള്ള രാജ്യത്തെ പ്രമുഖ കായിക ക്ലബ്ബുകളിലൊന്നായി അല്‍ വാസ്ല്‍ വളര്‍ന്നതും അദ്ദേഹത്തിന്റെ തണലില്‍ ആയിരുന്നു. ദുബായ് എമിറേറ്റിന്റെ കായിക വളര്‍ച്ചയുടെ ചരിത്രത്തിലെ സുപ്രധാന ഭാഗമായി ഈ ക്ലബ്ബ് പില്‍ക്കാലത്ത് മാറുകയും ചെയ്തു. കുതിരപ്പന്തയ കായികരംഗം വികസിപ്പിക്കുന്നതില്‍ ഷെയ്ഖ് അഹമ്മദ് വലിയ പങ്കാണ് വഹിച്ചത്. കുതിരപ്പന്തയ കായിക ഇനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര കുതിരപ്പന്തയ രംഗത്ത് യുഎഇ-യുടെ സാന്നിധ്യം അടയാളപ്പെടുത്താന്‍ കാരണമായും ഷെയ്ഖ് അഹമ്മദിന്റെ ശ്രമഫലമാണ്. ഇതിന്റെ ഭാഗമായാണ് ജെബല്‍ അലി റേസ്‌കോഴ്സ് സ്ഥാപിച്ചത്. ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് സ്ഥാപിക്കുക്കുകയും 1988-ല്‍ ഷെയ്ഖ് അഹമ്മദ് അതിന്റെ ആദ്യ ചെയര്‍മാനാവുകയും ചെയ്തതും ചരിത്രമാണ്.
