തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘തൂഫാന്‍ ഗോള്‍’ എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ടൂര്‍ണമെന്റിന്റെ ലോഗോ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. മയക്കുമരുന്നല്ല, കായികമാകട്ടെ യുവതലമുറയുടെ ലഹരി എന്ന സന്ദേശവുമായാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബല്‍ അംബാസഡര്‍ ജോണി കുരുവിള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലോഗോ പ്രകാശനം.
വൈ.എം.സി.എ എറണാകുളം സബ് റീജിയന്‍, ലയണ്‍സ് ക്ലബ് ഓഫ് എറണാകുളം, വെണ്ണിക്കുള്ളം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെ ഹാഗിയ സോഫിയ പബ്ലിക് സ്‌കൂള്‍, മറ്റക്കുഴി, പുത്തന്‍കുരിശ് വേദികളിലായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. തൂഫാന്‍ ഗോളിന്റെ ഗ്രാന്‍ഡ് ഫിനാലെയും തുടര്‍ന്നുള്ള പൊതുസമ്മേളനവും 2026 ഒക്ടോബര്‍ 24-ന് വൈകിട്ട് 6 മണിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
