തിരുവനന്തപുരം: 2026 സെപ്റ്റംബര്‍ അവസാനം രാജ്യത്തെ ബാങ്കുകള്‍ തുടര്‍ച്ചയായി 5 ദിവസങ്ങള്‍ നിശ്ചലമാകും. ബാങ്ക് ജീവനക്കാര്‍ ദേശീയതലത്തില്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 28, 29, 30 ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കും. കൂടാതെ നാലാം ശനിയാഴ്ച ദിനമായ സെപ്റ്റംബര്‍ 26, ഞായറാഴ്ച ദിനമായ സെപ്റ്റംബര്‍ 27 എന്നീ ദിവസങ്ങളിലെ അവധികൂടി പരിഗണിക്കുമ്പോള്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതോടെ ബാങ്കിംഗ് സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

മുമ്പ് നടത്തിയിരുന്ന പണിമുടക്കിന്റെ തുടര്‍ച്ചയായാണ് ഈ മാസാവസാനം മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പ്രധാനമായും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാര്‍ക്ക് എസ്ബിഐ അടക്കമുള്ള പ്രമുഖ ബാങ്കുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള സേവനങ്ങളെ ബാങ്ക് സമരം ബാധിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സമരങ്ങള്‍ നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 2026 ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് ബാങ്കിംഗ് മേഖലയിലെ വിവിധ യൂണിയനുകള്‍ അറിയിച്ചു.