കോട്ടയം: മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിദിച്ചതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലക്ക് മാറ്റിയത്. കോട്ടയം വിജിലന്‍സ് കോടതിയാണ് വര്‍ഷങ്ങളുടെ വിചാരണക്കൊടുവില്‍ ശിക്ഷ വിധിച്ചത്. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച വ്യക്തിയാണ് ടോമിന്‍ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷയില്‍ ഒരുകാരണവശാലും ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചിരുന്നത്. 2007-ലാണ് ടോമിന്‍ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തത്. 2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ജോലിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. വരുമാനത്തേക്കാള്‍ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയതായി കണ്ടെത്തിയിരുന്നു. വരവ് തെളിയിക്കാനായി ടോമിന്‍ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകള്‍ കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞു. പിന്നീട് 2013-ലാണ് കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്ന് എഡിജിപി ആയിരുന്ന ടോമിന്‍ തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ വിജിലന്‍സ് സമര്‍പ്പിച്ച രേഖകളെല്ലാം ശരിയാണെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ടോമിന്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിന്‍ തച്ചങ്കരി ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് ദിവസം മുന്‍പ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
