തിരുവനന്തപുരം: കേരളത്തില്‍ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളര്‍ച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയില്‍ പുതിയ വ്യവസായ പാര്‍ക്കുകള്‍ ഉള്‍പ്പെടെ ആരംഭിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. കേരള മെഡിക്കല്‍ ഡിവൈസ് ഇന്‍ഡസ്ട്രി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം ഹയാത്ത് റീജന്‍സിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ സാങ്കേതിക മാറ്റങ്ങള്‍ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന് വലിയ അവസരങ്ങളാണ് തുറക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ നാനോടെക്‌നോളജി വരെ ചികിത്സയെയും രോഗനിര്‍ണയത്തെയും മാറ്റിമറിക്കുകയാണ്. സാങ്കേതികവിദ്യയും അറിവും നിരന്തരം പുതുക്കുകയും ലോകവിപണിയുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ ഉപകരണ നിര്‍മാണത്തില്‍ കേരളം ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ഈ കരുത്ത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേരളത്തില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ലോകവിപണി കണ്ടെത്തണം. പുതിയ സംരംഭങ്ങള്‍ക്കും മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. വ്യവസായ മേഖല ഒറ്റയ്ക്കല്ല, കൂട്ടായി പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കണമെന്ന കെഎംഡിഐഎയുടെ സമീപനം ഈ വളര്‍ച്ചയ്ക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് ‘സിംഗിള്‍ ഡോര്‍, സിംഗിള്‍ ഡോക്യുമെന്റ്, സിംഗിള്‍ അപ്രൂവല്‍’ സംവിധാനം നടപ്പാക്കാന്‍ 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികള്‍ക്ക് വര്‍ഷങ്ങളോളം അനുമതി കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കി സമയബന്ധിതമായി തീരുമാനമെടുക്കും. നിക്ഷേപ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നേതൃത്വം നല്‍കുന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ കൗണ്‍സില്‍ നേരിട്ട് നിരീക്ഷിക്കും. കേരളത്തിന് അനുയോജ്യമായ, പരിസ്ഥിതി സൗഹൃദവും വിജ്ഞാനാധിഷ്ഠിതവുമായ വ്യവസായമാണ് മെഡിക്കല്‍ ഉപകരണ മേഖലയെന്നും സംസ്ഥാനത്തിന്റെ വലിയ ടാലന്റ് പൂളിനെ പ്രയോജനപ്പെടുത്തി ഈ രംഗത്ത് കൂടുതല്‍ നിക്ഷേപവും സ്ഥാപനങ്ങളും കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎംഡിഐഎ സ്ട്രാറ്റജിക് റോഡ്മാപ്പ് 2026-2031 വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പുറത്തിറക്കി. സംസ്ഥാനത്തെ മെഡിക്കല്‍ ഉപകരണ ഉല്‍പാദനം നിലവിലെ 6,500-7,500 കോടിയില്‍നിന്ന് 2031-ഓടെ 25,000 കോടിയിലേറെയായി ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതിയാണ് റോഡ്മാപ്പെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര-സാങ്കേതിക മികവും സംരംഭകശേഷിയും വലിയ തോതിലുള്ള ഉല്‍പാദനത്തിലേക്കും നിക്ഷേപത്തിലേക്കും മാറ്റാന്‍ സര്‍ക്കാര്‍-വ്യവസായ സഹകരണത്തിന് കഴിയണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ ഉല്‍പാദനത്തില്‍ കേരളത്തിന്റെ നിലവിലെ 15-18 ശതമാനം വിഹിതം 25 ശതമാനത്തിലേറെയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, ഇന്‍-വിട്രോ ഡയഗ്‌നോസ്റ്റിക്‌സ്, ഓര്‍ത്തോപീഡിക് ഇംപ്ലാന്റുകള്‍ തുടങ്ങിയ മേഖലകളിലേക്കും കേരളത്തിന്റെ ഉല്‍പാദനശേഷി വ്യാപിപ്പിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ ഡിവൈസസ് സിറ്റി സ്ഥാപിക്കാനും റോഡ്മാപ്പ് നിര്‍ദേശിക്കുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ പ്രാരംഭ നിക്ഷേപമില്ലാതെ ഉല്‍പാദനം തുടങ്ങാന്‍ കഴിയുന്ന പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനങ്ങള്‍, ഐഎസ്ഒ ക്ലാസ് 5-8 ക്ലീന്റൂമുകള്‍, അംഗീകൃത ഗുണനിലവാര പരിശോധനാ ലാബുകള്‍, പൊതുവായി ഉപയോഗിക്കാവുന്ന സ്റ്റെറിലൈസേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി പാലക്കാട്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, എന്‍ഐടി കോഴിക്കോട് എന്നിവയുമായി വ്യവസായബന്ധം ശക്തിപ്പെടുത്തി 20-ലേറെ ക്ലിനിക്കല്‍ പേറ്റന്റുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. കേരളത്തില്‍ പ്രത്യേക നൈപ്പര്‍ മെഡ്‌ടെക് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഉല്‍പാദനാധിഷ്ഠിത ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ കൂട്ടായ്മകള്‍ രൂപീകരിക്കുക, കേരളത്തില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് സംഭരണത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുക എന്നിവയും റോഡ്മാപ്പിന്റെ ഭാഗമാണ്. പ്രവാസി നിക്ഷേപവും രാജ്യാന്തര വൈദഗ്ധ്യവും കേരളത്തിലെ മെഡ്‌ടെക് മേഖലയുമായി ബന്ധിപ്പിക്കാന്‍ എന്‍ആര്‍കെ ഗ്ലോബല്‍ മെഡ്‌ടെക് അഡൈ്വസറി കൗണ്‍സിലും രൂപീകരിക്കും.
അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് കെഎംഡിഐഎയുടെ ത്രൈമാസ പ്രസിദ്ധീകരണമായ ‘മെഡ്‌ടെക് പള്‍സ്’ ആദ്യ ലക്കം പുറത്തിറക്കി. സ്ഥാപിത കമ്പനികള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരുപോലെ വളരാന്‍ കഴിയുന്ന സംയോജിത വ്യവസായാന്തരീക്ഷം സൃഷ്ടിക്കുകയാണ് കെഎംഡിഐഎയുടെ ദൗത്യമെന്ന് പ്രസിഡന്റ് തോമസ് ജോണ്‍ പറഞ്ഞു. വ്യവസായം, സര്‍ക്കാര്‍, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍, ഡോക്ടര്‍മാര്‍, നിക്ഷേപകര്‍ എന്നിവരെ ബന്ധിപ്പിക്കുന്ന കണ്ണിയായി കെഎംഡിഐഎ പ്രവര്‍ത്തിക്കും.
ചെറുകിട കമ്പനികള്‍ക്ക് ഇഎംഐ/ഇഎംസി പരിശോധനാ ലാബുകള്‍, ഗാമ/ഇഒ സ്റ്റെറിലൈസേഷന്‍ സംവിധാനങ്ങള്‍, പ്രത്യേക ക്ലീന്റൂമുകള്‍ തുടങ്ങിയ ചെലവേറിയ സൗകര്യങ്ങള്‍ സ്വന്തമായി ഒരുക്കാതെ പൊതുവായി ഉപയോഗിക്കാന്‍ നിര്‍ദിഷ്ട ക്ലസ്റ്റര്‍ മാതൃക വഴിയൊരുക്കും. കേരളത്തില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് അനുകൂലമായ സംഭരണ നയത്തിനും പുതിയ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും കെഎംഡിഐഎ പരിശ്രമിക്കുമെന്നും തോമസ് ജോണ്‍ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ‘കേരള മെഡ്‌ടെക് ഹൊറൈസണ്‍’ വിജ്ഞാന സെഷനുകളില്‍ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപം, വിപണനം, നിയന്ത്രണാനുമതികള്‍ എന്നിവ ചര്‍ച്ചയായി.
കെഎസ്‌ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് എന്നിവര്‍ സര്‍ക്കാര്‍ നയങ്ങളും മുന്നോട്ടുള്ള സാധ്യതകളും വിശദീകരിച്ചു. ‘മേക്ക് ഇന്‍ കേരള’ മെഡിക്കല്‍ സാങ്കേതികവിദ്യയുടെ വിശ്വസ്ത ആഗോള നാമമാക്കി മാറ്റാനുള്ള കെഎംഡിഐഎയുടെ കാഴ്ചപ്പാട് പ്രസിഡന്റ് തോമസ് ജോണ്‍ അവതരിപ്പിച്ചു. കെഎംഡിഐഎ പ്രസിഡന്റ് തോമസ് ജോണ്‍; സെക്രട്ടറി ടി.സി. ജയശങ്കര്‍, ഡോ. സതീഷ് കുമാര്‍ സി.എസ് , സിഇഒ ,കെഎംഡിഐഎ; കെഎംടിസി സ്‌പെഷ്യല്‍ ഓഫീസര്‍ സി. പത്മകുമാര്‍, കെഎംഡിഐഎ ട്രഷറര്‍ ബിനു അഗസ്റ്റിന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
