കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും മെസ്സിയെയും കേരളത്തില്‍ എത്തിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസില്‍ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. ഇടനിലക്കാരായ റിപ്പോര്‍ട്ടര്‍ ടിവി ഉടമയുടെ കൊച്ചിയിലെ ഓഫീസിലും വയനാട്ടിലെ വീട്ടിലും എസ്.ഐ.ടി സംഘം പരിശോധന നടത്തി. റിപ്പോര്‍ട്ടര്‍ ടിവി ഉടമകളായ ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്‌ലാറ്റ്, ജോസ്‌കുട്ടി അഗസ്റ്റിന്റെ ഫ്‌ലാറ്റ് ഇവരുടെ വയനാട്ടിലെ തറവാട് വീട്, റിപ്പോര്‍ട്ടര്‍ ചാനല്‍ കൊച്ചി ഓഫീസ്, എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടുനിന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘം അഞ്ച് വാഹനങ്ങളിലായിട്ടാണ് പരിശോധനയ്ക്കായി എത്തിയത്. മെസ്സിയുടെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതില്‍ എസ്‌ഐടി സംഘം കേസെടുത്തിട്ടുണ്ട്. കളമശ്ശേരി സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ് വന്ന വഴി, സര്‍ക്കാര്‍ അനുമതിക്ക് മുമ്പേ അര്‍ജന്റീനയുമായുള്ള കരാര്‍ ഒപ്പിട്ടത്, കലൂര്‍ സ്റ്റേഡിയം കരാര്‍ ഇല്ലാതെ കൈവശം വെച്ചത്, വിദേശത്തേക്ക് പണം അയച്ചതിന്റെ ഉറവിടം, പണം വന്ന വഴി, ഫെമ ചട്ടം ലംഘിച്ചുള്ള പണം കൈമാറ്റം എന്നിവ സംബന്ധിച്ച് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ഉടമ ആന്റോ അഗസ്റ്റിന്‍ എന്നിവരെ പ്രതി ചേര്‍ത്തതായി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലെ പരിശോധനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എസ്‌ഐടി. തട്ടിപ്പില്‍ കമ്പനിയും പ്രതിയെന്നാണ് എസ്‌ഐടി പറയുന്നത്. കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കളമശ്ശേരി ഓഫിസ് വിലാസത്തിലാണ്. ഇടപെടുകളുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് ഓഫിസില്‍ എത്തിയത്. ബിനാമി ഇടപാടുകള്‍ തെളിഞ്ഞിട്ടുണ്ട് കേസിന്റെ ഭാഗമായി ഈ രേഖകള്‍ കണ്ടെടുക്കണം. ചാനല്‍ ഡെസ്‌കിന്റെ പ്രവര്‍ത്തനം തടഞ്ഞിട്ടില്ലെന്നും എസ്‌ഐടി വിശദീകരണം നല്‍കി.
അതേസമയം റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കില്‍ കടന്നു കയറി പോലീസ് സംഘം വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്തിയതായി റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റ് പരാതിപ്പെട്ടു. കേരളാ പൊലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്‌കില്‍ ഒരു സംഘം പൊലീസുകാര്‍ ഇരച്ചുകയറി മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചു വാങ്ങിയതായും ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലീസ് മാധ്യമ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് മറുപടി പറയേണ്ടതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.
എന്നാൽ റെയ്ഡുമായി റിപ്പോര്‍ട്ടര്‍ ടിവി സഹകരിച്ചില്ലെന്നും അഡ്മിന്‍ ഓഫീസ് തുറന്നു തരാന്‍ വിസമ്മതിച്ചെന്നും വിമര്‍ശിച്ച് തൃക്കാക്കര എസിപി രംഗത്തെത്തി. ബന്ധപ്പെട്ട ഓഫീസര്‍മാരെ വിളിച്ചിട്ടും നടപടി എടുത്തില്ലെന്നും പരിശോധിക്കേണ്ട ഓഫീസ് തുറന്നു തരാന്‍ ജീവനക്കാര്‍ എത്തും എന്ന് പറഞ്ഞെങ്കിലും മണിക്കൂറുകള്‍ ആയിട്ടും വന്നില്ലെന്നും ന്യൂസ് ഡെസ്‌കില്‍ കയറിയത് ബില്‍ഡിങ്ങിന്റെ മറ്റു ഭാഗത്ത് ആരെയും കാണാത്തത് കൊണ്ടാണെന്നും എസിപി പറഞ്ഞു. പരിശോധന തുടങ്ങുന്നതിനു വേണ്ടിയാണ് വിവരങ്ങള്‍ അറിയാന്‍ ന്യൂസ് ഡെസ്‌കില്‍ എത്തിയതെന്നും പോലീസ് വിശദീകരിച്ചു.
