തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസന പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവൃത്തികള്‍ക്ക് സ്ഥലം എം.എല്‍.എ കൂടിയായ ആരോഗ്യം, ദേവസ്വം മന്ത്രി കെ.മുരളീധരന്‍ തുടക്കം കുറിച്ചു. കാഞ്ഞിരംപാറ പെട്രോള്‍ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസന പദ്ധതിയുടെ ഭാഗമായി റോഡുകള്‍ 20 മീറ്റര്‍ വീതി കൂട്ടാനാണ് തീരുമാനിച്ചിരുന്നതെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ അത് 18 മീറ്ററാക്കി ചുരുക്കി. വീണ്ടും 20 മീറ്ററാക്കാന്‍ ഇപ്പോള്‍ ശ്രമിച്ചാല്‍ കാലതാമസം നേരിടും. കാലതാമസമില്ലാതെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. 73.61 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ശാസ്തമംഗലം-മണ്ണറക്കോണം, തോപ്പുമുക്ക്-വട്ടിയൂര്‍ക്കാവ് റോഡ്, മണ്ണറക്കോണം-പേരൂര്‍ക്കട റോഡ്, മണ്ണറക്കോണം ജംഗ്ഷന്‍ വികസനം എന്നിവ ഉള്‍പ്പെട്ട 7.215 കിലോമീറ്റര്‍ റോഡിന്റെ വികസനമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തെ റോഡിന്റെ ഇരുവശം ഓട, ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തി, കലുങ്ക് എന്നിവയുടെ നിര്‍മാണവും വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ കണക്ഷന്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. ഇതില്‍ കെ.എസ്.ഇ.ബിയുടെ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 6.46 കോടി രൂപയും കേരള വാട്ടര്‍ അതോറിട്ടിയുടെ പ്രവൃത്തികള്‍ക്ക് 6.93 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 7 മുതല്‍ 10 മീറ്റര്‍ വരെ മാത്രം വീതിയുള്ള റോഡുകളെ 18.5 മീറ്റര്‍ വീതിയുള്ള ഉന്നത നിലവാരത്തിലാണ് നവീകരിക്കുന്നത്.

ഗതാഗതത്തിന് പരമാവധി തടസം നേരിടാത്തവിധം ഓരോ വശത്തെയും നിര്‍മാണം ഘട്ടം ഘട്ടമായാണ് നടത്തുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ നിര്‍വഹണച്ചുമതല. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ വിഷ്ണു മോഹന്‍, സുമി ബാലു, നന്ദഭാര്‍ഗവ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിമല്‍ പി.ബി, അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു.യു, പ്രോജക്ട് എന്‍ജിനീയര്‍ ശരത്ചന്ദ്രന്‍ സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.