തിരുവനന്തപുരം: ചങ്ങനാശേരിയിലെ പെരുന്ന എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന് ഊഷ്മള സ്വീകരണം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് എന്‍ ഷംസുദ്ദീന്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്. മന്ത്രിയായി ചുമതലയേറ്റെടുത്ത സമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും, പെരുന്നയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.

ജി. സുകുമാരന്‍ നായരുമായി സൗഹൃദ പൂര്‍ണ്ണമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് എന്‍. എസ്.എസിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും സംസ്ഥാനത്ത് നിരവധി വിദ്യാലയങ്ങളും, കോളേജുകളും നല്ല നിലയില്‍ നടത്തുന്ന സംഘടനയാണ് എന്‍.എസ്.എസ് എന്നും ഇന്നത്തെ കാലഘട്ടത്തിലെ വിദ്യാഭ്യാസ രംഗത്തെ പല വിഷയങ്ങളും സുകുമാരന്‍ നായരുമായി ചര്‍ച്ച ചെയ്തതായും മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചത് ഏറ്റവും സന്തോഷകരമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മുസ്ലീം സമുദായവും, അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാക്കാന്‍ എന്‍.എസ്.എസ് ശ്രമിച്ചിട്ടില്ല ഇനി അങ്ങനെ ഉണ്ടാകുകയുമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എല്ലാ മതങ്ങളോടും എന്‍.എസ്.എസിന് ഒരേ സമീപനമാണെന്നും അതില്‍ കൂടുതല്‍ ഇഷ്ടം മുസ്ലിം സമുദായത്തോടാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.