തിരുവനന്തപുരം: വര്‍ഷങ്ങളായി നിലനിന്ന റെക്കോര്‍ഡിനെ മറികടന്ന് ആതിര സോമരാജ്. 47-ാമത് കേരള പൊലീസ് അത്ലറ്റിക് ആന്‍ഡ് ഗെയിംസിലെ വനിതാ ഹൈജമ്പില്‍ കേരള ആംഡ് പൊലീസ് ബറ്റാലിയന്‍ 5-ലെ താരം ആതിര സോമരാജ് 1.70 മീറ്റര്‍ ഉയരം കീഴടക്കി സ്വര്‍ണത്തിനൊപ്പം പുതിയ റെക്കോര്‍ഡും സ്വന്തമാക്കി. 2011-ല്‍ ബറ്റാലിയന്‍-1ന്റെ ടിന്റു എന്‍.ഡി സ്ഥാപിച്ച 1.66 മീറ്റര്‍ റെക്കോര്‍ഡാണ് ആതിരയുടെ 1.70 മീറ്റര്‍ ചാട്ടത്തോടെ പഴങ്കഥയായത്. 15 വര്‍ഷമായി നിലനിന്ന റെക്കോര്‍ഡ് 4 സെന്റിമീറ്റര്‍ മെച്ചപ്പെടുത്തിയാണ് ആതിര പുതിയ ഉയരം കുറിച്ചത്.
മത്സരവേദിയില്‍ നിര്‍ണായകമായ ഉയരങ്ങള്‍ ഓരോന്നായി മറികടന്ന ആതിര, 1.70 മീറ്ററില്‍ എത്തിയപ്പോള്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കുകയായിരുന്നു. സ്വര്‍ണനേട്ടത്തേക്കാള്‍ തിളക്കമേറിയത് വര്‍ഷങ്ങളായി നിലനിന്ന റെക്കോര്‍ഡ് തിരുത്തിയ പ്രകടനമായിരുന്നു. KAWPBN (കേരള ആംഡ് വിമന്‍ പൊലീസ് ബറ്റാലിയന്‍) താരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത്. ദേവിക ശങ്കരന്‍ 1.23 മീറ്റര്‍ മറികടന്ന് വെള്ളിയും മുഹമ്മദ് സോണി കെ. 1.20 മീറ്ററില്‍ വെങ്കലവും നേടി.
