തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പില്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വിപുലീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ മെസി വിവാദത്തില്‍ സമഗ്ര അന്വേഷണത്തിനാണ് എസ്.ഐ.റ്റി രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
മെസി വിവാദത്തിന്റെ തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനും ഉന്നതതല അന്വേഷണത്തിന്റെ ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വ്യാജ വാഗ്ദാനത്തിന്റെ മറവില്‍ സ്‌പോണ്‍സറും അന്നത്തെ കായികമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വിദേശ സന്ദര്‍ശനം, കരാറുകളും മറ്റ് പണമിടപാടുകള്‍ സംബന്ധിച്ച ബാങ്ക് രേഖകള്‍ എല്ലാം വിശദമായി അന്വേഷിക്കാനും പരിശോധിക്കാനുമുള്ള സ്വാതന്ത്ര്യം പുതുതായി രൂപീകരിക്കുന്ന അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പ് നടത്തിയ നീക്കത്തില്‍ തുടര്‍ നടപടിയായില്ല. 22.68 കോടി രൂപ നികുതി അടയ്ക്കാത്തതില്‍, ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ഈ മാസം 19-ന് എസ്‌ഐടി വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടിളിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയല്ലാതെ 206 കോടി രൂപ മുഖ്യ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതില്‍ ദുരൂഹത കണ്ടെത്തിയ ജിഎസ്ടി വകുപ്പ് കമ്പനികളോട് വിശദീകരണം തേടിയിരുന്നു.
എന്നാല്‍ ഒരു സ്ഥാപനം മാത്രമാണ് രേഖമൂലം മറുപടി നല്‍കിയത്. ഈ തുക വന്നതിന് പിന്നാലെ മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം വായ്പയായി ലഭിച്ചതാണെന്നാണ് സ്‌പോണ്‍സര്‍ വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രദര്‍ശന മത്സരവും മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിന്റെ വികസനവും നടത്തുന്നത് സ്വന്തം ചെലവിലാണെന്നാണ് അന്ന് സ്‌പോണ്‍സര്‍ അവകാശപ്പെട്ടത്. ഇതുസംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും ഉത്തരം തേടിയുള്ള സമഗ്രമായ അന്വേഷണമാണ് പുതിയ നീക്കത്തിലൂടെ വിഡി സതീശന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
