തിരുവനന്തപുരം: മലയാളത്തില്‍ റിലീസിനായി തയ്യാറെടുക്കുന്ന മോഹന്‍ലാല്‍-തരുന്‍മൂര്‍ത്തി ചിത്രം ‘അതിമനോഹരത്തിന്റെ’ ചിത്രീകരണത്തിനായി ശബരിമലയിലും പമ്പയിലും ഔദ്യോഗിക അനുമതി നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഓഗസ്റ്റ് 18, 19, 20 ദിവസങ്ങളില്‍ ഷൂട്ടിംഗ് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. പമ്പയിലും ശബരിമല നടപ്പന്തല്‍ വരെയുമുള്ള പ്രദേശങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതിക്ക് പുറമേ, വനം വകുപ്പ് ഉള്‍പ്പെടെുള്ള നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതിയും ചിത്രീകരണത്തിനായി ആവശ്യമുണ്ട്.

തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ചിത്രത്തില്‍ സാധാരണക്കാരനായ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും നടി മീരാ ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു എന്നതും അതിമനോഹരത്തിന്റെ പ്രത്യേകതയാണ്. വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജഗദീഷ്, ലാലു അലക്‌സ്, മനോജ് കെ ജയന്‍, ഇര്‍ഷാദ്, സുധീഷ്, എന്നിവരടങ്ങുന്ന താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.