തിരുവനന്തപുരം: കഴിഞ്ഞ 37 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തി വന്ന സമരം പിന്‍വലിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായും സമരം പിന്‍വലിക്കുന്നതായും എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ അറിയിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം നോട്ടിഫിക്കേഷന്‍ വിളിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന വേളയില്‍ കൂടുതല്‍ പേര്‍ക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

HTV തസ്തികയില്‍ പി.എസ്.സിക്കാരെ നിയമിക്കണമെന്നാവശ്യവും, തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യങ്ങളില്‍ കൂടുതല്‍ പഠനം നടത്താന്‍ 45 ദിവസത്തെ സമയം ആവശ്യമുണ്ടെന്നും സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. ഈ കാലയളവില്‍ സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിശോധിച്ച് അനുകൂലമായത് നിശ്ചിത തീയതിക്കകം തന്നെ നടപ്പിലാക്കാമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം സമരക്കാര്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് നിരാഹാരം അനുഷ്ഠിച്ച് വന്ന വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ കുടി നീര് നല്‍കി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണുന്നതുവരെ സെക്രട്ടേറിയറ്റിന് മുന്നില്‍ തന്നെ തുടരുമെന്നും മറ്റ് പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടാകില്ലെന്നും സമരസമിതി ഉറപ്പുനല്‍കി. പൊതു വിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു ഐഎഎസ്, ഡിജിഇ സ്‌നേഹില്‍ കുമാര്‍ ഐഎഎസ്, പ്രൈവറ്റ് സെക്രട്ടറി നിസാര്‍ എച്ച്. ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.