തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലാദ്യമായി ബസ് വാങ്ങി നല്‍കിയ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ സംഘത്തിന് നന്ദി പറഞ്ഞ് ഗതാഗത മന്ത്രി സി.പി ജോണ്‍. പൊതുമേഖലാ സ്ഥാപനങ്ങളെ ജനകീയ പങ്കാളിത്തത്തോടെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന ശക്തമായ മാതൃകയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ പൊതുനന്മ ഫണ്ടില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് സംഘം കെഎസ്ആര്‍ടിസി ബസ് വാങ്ങി നല്‍കുന്നത്. ഈ മാതൃകാപരമായ ചുവടുവെപ്പിന് സംഘത്തിനും ഇതിന് മുന്‍കയ്യെടുത്ത എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനും ഡയറക്ടറുമായ സി.എന്‍ വിജയകൃഷ്ണനും മന്ത്രി നന്ദി അറിയിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ ജനകീയ പങ്കാളിത്തം മാതൃകയാകട്ടെ’

പൊതുമേഖലാ സ്ഥാപനങ്ങളെ ജനകീയ പങ്കാളിത്തത്തോടെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന ശക്തമായൊരു മാതൃകയാണ് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ സംഘം ഉയര്‍ത്തിക്കാട്ടുന്നത്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലാദ്യമായി, ഒരു പൊതുമേഖലാ ഗതാഗത സംവിധാനത്തെ വീണ്ടെടുക്കാന്‍ ഒരു സഹകരണ പ്രസ്ഥാനം മുന്നോട്ടുവന്നിരിക്കുന്നു. തങ്ങളുടെ പൊതുനന്മ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ച് ഒരു കെഎസ്ആര്‍ടിസി ബസ് വാങ്ങി നല്‍കാനുള്ള അവരുടെ തീരുമാനം പ്രശംസനീയമാണ്. ഈ മാതൃകാപരമായ ചുവടുവെപ്പിന് സംഘത്തിനും, അതിന്റെ ചാലകശക്തിയായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനും ഡയറക്ടറുമായ ശ്രീ സി.എന്‍ വിജയകൃഷ്ണനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കോഴിക്കോട് നിന്ന് പാലക്കാട് മുതലമട വഴി പറമ്പിക്കുളത്തേക്ക് ഒരു സര്‍വീസ് ആരംഭിക്കണമെന്ന ലളിതമായ ആവശ്യമാണ് അവര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. മുന്‍പ് നെന്മാറ മണ്ഡലത്തില്‍ മത്സരിച്ച വേളയില്‍, ജനങ്ങളുടെ യാത്രാദുരിതം നേരിട്ടറിഞ്ഞ അനുഭവത്തില്‍ നിന്നാണ് സി.എന്‍ വിജയകൃഷ്ണന്‍ ഈയൊരു ആശയത്തിലേക്ക് എത്തിയത്. ഇത് നടപ്പിലാകുന്നതോടെ മുതലമടയിലേക്കുള്ള യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരമാകും. ഒപ്പം, പറമ്പിക്കുളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് പുതിയൊരു ഊര്‍ജ്ജവും ലഭിക്കും. ജനകീയ പങ്കാളിത്തത്തിലൂടെ ഒരു പൊതുമേഖലാ സ്ഥാപനത്തെ എങ്ങനെ ചേര്‍ത്തുപിടിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണിത്.

സഹകരണ സംഘങ്ങള്‍ക്ക് തങ്ങളുടെ പൊതുനന്മ ഫണ്ട് കെഎസ്ആര്‍ടിസിയെ പിന്തുണയ്ക്കാനായി വിനിയോഗിക്കാന്‍ അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഉടന്‍ തന്നെ ഇതില്‍ അനുകൂല തീരുമാനമുണ്ടാകും. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ സംഘം കാണിച്ചുതന്ന ഈ വഴി പിന്തുടരാന്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങളും, സഹകരണ പ്രസ്ഥാനങ്ങളും, ജനപ്രതിനിധികളും മുന്നോട്ടുവരണം. 2000 പുതിയ ബസുകള്‍ നിരത്തിലിറക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുവാന്‍ ഇത്തരം ജനകീയ കൂട്ടായ്മകള്‍ക്ക് സാധിക്കും. പൊതുഗതാഗതത്തെ സംരക്ഷിക്കാന്‍ ജനങ്ങളുടെ സഹകരണമാണ് ഏറ്റവും വലിയ കരുത്ത്.