ദമാസ്‌കസ്: സിറിയന്‍ മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ സിറിയന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യത്വ രഹിതമായ കുറ്റകൃത്യങ്ങള്‍ ചുമത്തിയുമാണ് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷാവിധി സമയത്ത് ബഷര്‍ അല്‍ അസദ് കോടതിയില്‍ ഹാജരായിരുന്നില്ല. രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കാന്‍ ഇടയാക്കിയ പ്രക്ഷോഭങ്ങള്‍ക്ക് തൊട്ടുമുമ്പ്, തെക്കന്‍ പ്രവിശ്യയായ ദാരായില്‍ അരങ്ങേറിയ ക്രൂര കൃത്യങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും നേതൃത്വം നല്‍കിയെന്നാണ് നജീബിനെതിരെയുള്ള കുറ്റപത്രം. രാജ്യത്ത് 14 വര്‍ഷക്കാലം നീണ്ടുനിന്ന സംഘര്‍ഷങ്ങളില്‍ മുന്‍ പ്രസിഡന്റിന് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. അന്നത്തെ സംഘര്‍ഷങ്ങളില്‍ അഞ്ചുലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സിറിയയിലെ താല്‍ക്കാലിക ഭരണകൂടത്തിന് കീഴില്‍ അസദിനെതിരെ വരുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വിധി കൂടിയാണിത്. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അസദിന്റെ ഇളയ സഹോദരന്‍ മഹര്‍ അസദിനെയും ബന്ധുവായ ആതിഫ് നജീബിനെയും സമാന കുറ്റകൃത്യത്തിന് കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ശിക്ഷ വിധിക്കുന്ന സമയത്ത് നജീബ് കോടതിയില്‍ ഹാജരായിരുന്നു. അതേസമയം 2024 ഡിസംബറില്‍ വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് അസദ് കുടുംബത്തോടൊപ്പം റഷ്യയിലേക്ക് പലായനം ചെയ്തിരുന്നു. മുന്‍ അധികാരികളുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെ നിയമനടപടികള്‍ക്ക് തുടക്കമിട്ട താല്‍ക്കാലിക ഭരണകൂടം കുറ്റം ചുമത്തപ്പെട്ട ചില പ്രതികളെ നേരിട്ടും മറ്റു പ്രതികളെ അവരുടെ സാന്നിധ്യമില്ലാതെയുമാണ് വിചാരണ ചെയ്യുന്നത്.
