തിരുവനന്തപുരം: ഇരുപത്തി മൂന്നോളം കേസുകളിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിക്കായി കേരളത്തിലും അന്തര്‍ സംസ്ഥാനത്തുമായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇതിന്റെ ഭാഗമായി അര്‍ജുനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 5 പേരെ തിരുവനന്തപുരത്ത് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യന്‍ എന്നിവരെയാണ് തുമ്പ, തമ്പാനൂര്‍ സ്‌റ്റേഷനുകളിലെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ ഇതുവരെ അര്‍ജുന്‍ ആയങ്കിക്കെതിരെ നിലനില്‍ക്കുന്നത് 23 കേസുകളാണെന്ന് പോലീസ് അറിയിച്ചു. അതേസമയം തൃശൂരില്‍ കഴിഞ്ഞ ദിവസം പോലീസില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ് പോലീസ്. പാലിയേക്കര ടോള്‍ പ്ലാസ വഴി അനുജനോടൊപ്പം കാറില്‍ യാത്രചെയ്ത അര്‍ജുന്‍ ആയങ്കിക്കായി മറ്റ് ജില്ലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് വ്യാപകായി വലവിരിച്ചിരിക്കുകയാണ്. അര്‍ജുന്‍ കേരളം വിട്ടേക്കാമെന്ന സംശയവും ബലപ്പെടുന്നുണ്ട്.

മൂവാറ്റുപുഴ ഡി.വൈ.എസ്.പി-യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താനുള്ള ദൗത്യമേറ്റെടുത്തിരിക്കുന്നത്. കോതമംഗലത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിക്കുകയും ഒളിവിലിരുന്ന് ആഭ്യന്തര വകുപ്പിനെതിരെയും മന്ത്രിക്കുമെതിരെയും വെല്ലുവിളി ഉയര്‍ത്തുന്ന സോഷ്യ മീഡിയ പോസ്റ്റുകള്‍ പങ്കുവച്ചതും അറസ്റ്റിന്റെ വേഗത്തിന് കാരണമായി. അതേസമയം അര്‍ജുന്റെ ഫോണ്‍ മാറ്റാരോ ഉപയോഗിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അര്‍ജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി അര്‍ജുന്‍ ആയങ്കി സുപ്രീം കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങിയതായി പോലീസ് സംശയിക്കുന്നുണ്ട്.