തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചുള്ള അര്‍ജുന്‍ ആയങ്കിയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.’വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്’ എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അര്‍ജുന്‍ ആയങ്കി വെല്ലുവിളി നടത്തിയത്. ഇതിനുപിന്നാലെ ആയങ്കിയെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിനെയും വെല്ലുവിളിച്ച് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെ വെല്ലുവിളി നടത്തിയിരുന്നു. കീഴടങ്ങാന്‍ മനസില്ലെന്നും പറ്റുമെങ്കില്‍ പിടികൂടിക്കോ എന്നുമായിരുന്നു അര്‍ജുന്‍ അയങ്കിയുടെ വെല്ലുവിളി. സമൂഹമാധ്യമത്തിലെ ഈ ഭീഷണി പോസ്റ്റുകള്‍ കൊച്ചിയില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അര്‍ജുന്‍ ആയങ്കിയുടെ ഒളിത്താവളത്തില്‍ ചെന്ന് പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് മൂവാറ്റുപുഴ ഡി.വൈ.എസ്.പി-യുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു. അതേസമയം അര്‍ജുന്റെ ഫോണ്‍ മാറ്റാരോ ഉപയോഗിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അര്‍ജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്ന സംശയത്തിന്റെ പേരില്‍ അര്‍ജുന്റെ രണ്ട് സൂഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ആയങ്കി സുപ്രീം കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങിയതായി പോലീസ് സംശയിക്കുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ സ്വര്‍ണംപൊട്ടിക്കല്‍ അടക്കം നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയാണ് അര്‍ജുന്‍ ആയങ്കി.