തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് സുപ്രീം കോടതി മരവിപ്പിച്ചത്. ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന നിരീക്ഷണത്തിലാണ് പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജീവപര്യന്തം തടവ് എന്ന വിചാരണക്കോടതി വിധിക്കെതിരെ പ്രിയരഞ്ജന്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ശിക്ഷ മരവിപ്പിച്ചത്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ പ്രിയരഞ്ജന്‍ സമര്‍പ്പിച്ച അപ്പീല്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.

2023 ഓഗസ്റ്റ് 30-നാണ് 15 വയസുകാരന്‍ ആദിശേഖര്‍ കാട്ടാക്കടയിലെ പൂവച്ചല്‍ പുളിങ്കോട്് പ്രദേശത്തുവച്ച് കാറിടിച്ച് കൊല്ലപ്പെടുന്നത്. ബോധപൂര്‍വം കാര്‍ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം സമീപപ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ ദൃശ്യം പുറം ലോകം അറിയുന്നത്. ദുബായില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന വി.ജി മിനീഷ് കുമാറാണ് ഈ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവിടുന്നത്. തുടക്കത്തില്‍ അപകടമരണമെന്ന് പോലീസ് വിധിയെഴുതിയ സംഭവമാണ് തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ പ്രിയരഞ്ജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുള്ള പകയാണ് നിഷ്ടൂരമായ കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതിയുടെ പച്ച നിറത്തിലുള്ള കെ.എല്‍ 19 എന്‍ 6957 എന്ന ഇലക്ട്രിക് കാര്‍ ആദിശേഖരിനെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് പോലീസിന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. ആദിശേഖര്‍ കൂട്ടുകാര്‍ക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.