പത്തനംതിട്ട: മഴക്കെടുതി ഏകോപനത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം. ആറന്മുള, റാന്നി, തിരുവല്ല അടക്കമുള്ള ഗുരുതര സാഹചര്യം നേരിട്ട പ്രദേശങ്ങളും മേഖലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാമ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. സംസ്ഥാനത്ത് സ്ഥിരം ദുരന്തനിവാരണ സംവിധാനമുണ്ടാകുമെന്നും ആദ്യ മാതൃക പദ്ധതി പത്തനംതിട്ടയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം കയറിയ വീടുകള്‍ താമസയോഗ്യമാക്കുന്നതിനായി 10,000 രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ അധികാരം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്നും എത്രരൂപ വേണമെങ്കിലും ചെലവാക്കാനുളള അധികാരം കൊടുത്തിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. 133 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തിലേറെ പേര്‍ അഭയാര്‍ത്ഥികളായുണ്ടെന്നും തിരുവല്ല ഭാഗത്താണ് കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്യാമ്പില്‍ നല്ല ഭക്ഷണം കൊടുക്കണമെന്നും ടോയ്ലറ്റ് സൗകര്യം കുറവുളളയിടങ്ങളില്‍ ബയോ ടോയ്ലറ്റുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പുകളില്‍ പൊലീസിന്റെ സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് മഴ അതിതീവ്രമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ടയെ കൂടാതെ കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട്. പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.