ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് ഉപാധികളോടെ ജാമ്യം. ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ മദ്രാസ് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. കേസിന്റെ തുടരന്വേഷണങ്ങളുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ഉദയനിധിയോട് കോടതി നിര്‍ദ്ദേശിച്ചു. അശ്ലീല പദപ്രയോഗം, സ്ത്രീകളെ അധിക്ഷേപിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീപീഡന വിരുദ്ധ നിയമം തുടങ്ങി 9 ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് ഉദയനിധി സ്റ്റാലിനെതിരെ തഞ്ചാവൂര്‍ പോലീസ് കേസ് എടുത്തത്. ഉദയനിധിയുടെ പരാമര്‍ശത്തിനും വീഡിയോ പ്രചരിപ്പിച്ചതിനുമെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ പാര്‍ട്ടിയായ ടിവികെ-യുടെ പ്രവര്‍ത്തകര്‍ തഞ്ചാവൂര്‍ പോലീസ്, ദേശീയ വനിതാ കമ്മീഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം തൃഷയ്‌ക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയെ മാത്രമാണ് വിമര്‍ശിച്ചതെന്നും ഉദയനിധി പറഞ്ഞു. പിന്നെ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും പോലീസുകാര്‍ കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ഉദയനിധി പ്രതികരിച്ചു. ഉദയനിധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെയാണ് ഉദയനിധി തൃഷക്കെതിരെ ദ്വയാര്‍ത്ഥം കലര്‍ന്ന വിവാദ പരാമാര്‍ശം നടത്തിയതെന്നാണ് ആരോപണം. ഉദയനിധിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയായിരുന്നു തഞ്ചാവൂര്‍ പൊലീസ് നാടകീയമായി ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
