തിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ സംസ്ഥാനം പ്രത്യേക സന്നാഹമൊരുക്കുമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പൊലീസ്, ഫയര്‍ഫോഴ്സ് സേനകള്‍ സജ്ജമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് മുന്‍കരുതല്‍ കൈക്കൊണ്ടിരുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അതിതീവ്ര മഴ മുന്നറിയിപ്പ് രാത്രിയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ ലഭിച്ച കണക്കുകള്‍ പ്രകാരം മഴക്കെടുതിയില്‍ 15 പേര്‍ മരിച്ചതായും 7 പേരെ കാണാതാകുകയും ചെയ്തു. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഡാമിലും വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും ഡാമുകളില്‍ നിന്ന് വെള്ളമൊഴുക്കുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. എന്നാല്‍ പ്രതീക്ഷയ്ക്കപ്പുറമായി മഴ ചെയ്തതുകാരണം മൂഴിയാര്‍ ഡാമിലെ സ്ഥിതി ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ മഴയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ സംസ്‌കാര ചടങ്ങിനായി കുടുംബത്തിന് പതിനായിരം രൂപയും നല്‍കും. കൂടാതെ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്നതിനായും പതിനായിരം രൂപ നല്‍കും.

അതേസമയം തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിയന്ത്രണമുണ്ട്.