മുംബൈ: അസമിന്റെയും റെയില്‍വേയ്സിന്റെയും മുന്‍ ക്രിക്കറ്റ് താരം ശുഭദീപ് ഘോഷിനെ ഇന്ത്യന്‍ ടീമിന്റെ പുതിയ ഫീല്‍ഡിംഗ് പരിശീലകനായി നിയമിച്ചു. ടി ദിലീപിന് പകരക്കാരനായാണ് ശുഭദീപ് ഘോഷ് ചുമതലയേല്‍ക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെയാകും 57 കാരനായ ശുഭദീപ് ഘോഷ് ഇന്ത്യന്‍ പരിശീലകനായി എത്തുന്നത്. ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിലെ പുതിയ അംഗമെന്ന നിലയില്‍ ശുഭദീപ് ഘോഷിന്റെ ആദ്യ പരിശീലന ദൗത്യവും ഇതായിരിക്കും.
അസമിന്റെ സീനിയര്‍ ടീം മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള ശുഭദീപ് ഘോഷ് ആഭ്യന്തര ക്രിക്കറ്റില്‍ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പരിശീലന രംഗത്തെ അനുഭവസമ്പത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ബിസിസിഐ-യെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ദിലീപിന്റെ കരാര്‍ അവസാനിച്ചെങ്കിലും ഒരു വര്‍ഷം അധികമായി നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ നീട്ടിനല്‍കേണ്ടെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. സഹപരിശീലകനായ റയാന്‍ ടെന്‍ ഡോഷെയും ഇന്ത്യന്‍ പരിശീലക സംഘത്തില്‍ നിന്ന് അടുത്തിടെ പിന്മാറിയിരുന്നു.
