തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എല്ലാ ജില്ലകളിലും നിലവില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്. ഗുജറാത്തിന്റെ തെക്കന്‍ തീരം മുതല്‍ കേരളത്തിന്റെ വടക്കന്‍ തീരം വരെയുള്ള പ്രദേശത്ത് ന്യൂനമര്‍ദ പാത്തി രൂപപ്പെട്ട സാഹചര്യത്തില്‍ ഇന്നും നാളെയും മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാല്‍ മൂഴിയാര്‍ ഡാം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് പരിധിയായ 190 മീറ്റര്‍ എത്തിയിട്ടുണ്ട്. ജലനിരപ്പിന്റെ പരമാവധി ശേഷിയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി കക്കാട്ടാറിലേക്ക് വെള്ളം ഒഴുക്കിവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. പമ്പ നദിയിലെ വെള്ളം ക്രമാതീതമായി ഉയരുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ മന്ത്രി പിസി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തില്‍ കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. മഴ തീവ്രമാകുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം കൊല്ലം ജില്ലകല്‍ ഒഴികെയുള്ള 12 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.