തിരുവനന്തപുരം: ലഹരി മുക്ത കേരളം എന്ന ലക്ഷ്യവുമായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ബീമാപള്ളിയില്‍ വന്‍ ലഹരി വേട്ട. ബീമാപള്ളിയുടെ പരിസര പ്രദേശങ്ങളി്ല്‍ എക്‌സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 30 ലക്ഷത്തിലധികം രൂപ മാര്‍ക്കറ്റില്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളും വിദേശ സിഗററ്റ് പായ്ക്കറ്റുകളും പാന്‍ മസാല ശേഖരവുമാണ് പിടിച്ചെടുത്തത്. എഴുപതോളം ചാക്കുകളിലായാണ് പാന്‍ മസാലയും ശംഭു, ഗണേശ് ഇനത്തില്‍പെട്ട പുകയില ഉല്‍പന്നങ്ങളും സൂക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ കടകള്‍ കേന്ദ്രീകരിച്ചാണ് വന്‍തോതില്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നാണ് പരിശോധന നടത്തിയത്. കുട്ടികളും യുവാക്കളും അടക്കമുള്ള പ്രദേശവാസികള്‍ സ്ഥിരമായി ഇവിടെനിന്നും ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന കാരണത്താല്‍ പലപ്പോഴും ഈ പ്രദേശങ്ങളില്‍ പരിശോധന നടത്താറില്ലെന്നും പോലീസ് അറിയിച്ചു.