തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം നേരിടുന്ന ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാരിന് എന്തിനാണിത്ര തിടുക്കമെന്ന് ഹൈക്കോടതി ചോദിച്ചു. എഡിജിപിയെ ഡിജിപിയായി നിയമിക്കാന്‍ വിജിലന്‍സിന്റെ ക്ലിയറന്‍സ് ആവശ്യമാണെന്നും അതിനാല്‍ നിലവിലെ സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ എഡിജിപി എസ്. ശ്രീജിത്ത് വിദേശയാത്ര നടത്തി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ നല്‍കിയ ക്ലീന്‍ചിറ്റ് അടുത്തിടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിന് സംരക്ഷണമൊരുക്കിയതിന് ചീഫ് സെക്രട്ടറി ഹൈക്കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നു. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി കൂട്ടായ ഹിയറിംഗ് നടത്തിയത് തെറ്റായ കീഴവഴക്കമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ശ്രീജിത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന് കാട്ടി ദിപിന്‍ എന്ന വ്യക്തി ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് ദിപിന്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് പരാതിക്കാരനെ കേള്‍ക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ഹൈക്കോടതി ആവശ്യപ്പെടുകയാണുണ്ടായത്.

അതേസമയം, നിലവില്‍ ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് നിയമ പ്രകാരം തൊട്ടടുത്ത എഡിജിപിക്കാണ് പ്രമോഷന്‍ ലഭിക്കുക. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ സാഹചര്യത്തിലാണ് ഡിജിപി സ്ഥാനം ശ്രീജിത്തിന് ലഭിക്കാന്‍ കാരണം. വിവാദമായ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ എഡിജിപി എം.ആര്‍ അജിത്കുമാര്‍ സസ്‌പെന്‍ഷനിലായതും ശ്രീജിത്തിനുള്ള സ്ഥാനക്കയറ്റത്തിന് സഹായമായി മാറി.