തിരുവനന്തപുരം: അതിതീവ്രമായ മഴയെ തുടര്‍ന്ന് പമ്പ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ ക്ഷേത്രസന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന. ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഈ സമയങ്ങളില്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് തെരെഞ്ഞെടുക്കാവുന്നതാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങല്‍ക്ക് മുന്നറിയിപ്പ് നല്‍കി.