തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും തീവ്ര-അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിപിക്കുന്നത്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ആശങ്കയായി നദികളിലെ ജലനിരപ്പും ഉയരുകയാണ്.

വടക്കന്‍ ജില്ലകളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴയില്‍ അഞ്ച് പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചു. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായി.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരായിരിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. റവന്യൂ മന്ത്രി സംസ്ഥാനതല ഏകോപനം നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം മുതലപ്പൊഴിയില്‍ രണ്ടു പേരെ കാണാതായ സംഭവത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് സംഘത്തിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുകയാണ്്.