ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയിൽ കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അവരെ ജയിലിലടയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എൻ.ഡി.എ. പാർലമെന്ററി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.
വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പരീക്ഷകളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവിയെ തകർക്കുന്ന യാതൊരു നടപടിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ല.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം എൻ.ഡി.എ. യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്തതായി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു.
സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി സി.ജെ.പി. പ്രവർത്തകർ ചർച്ച നടത്തിയിരുന്നുവെങ്കിലും തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് സംഘടന ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സി.ജെ.പി. ജന്തർമന്തറിൽ നേരിട്ടെത്തി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
