ദില്ലി: കർഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇന്ത്യ-യുഎസ് കരാറിനെതിരെ ദില്ലിയിലെ കിസാൻ ഘട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കർഷകർ. മാർച്ചിനെ തുടർന്ന് അതിർത്തികളില്‍ സുരക്ഷ ശക്തമാക്കി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് തലസ്ഥാനത്തേക്ക് നീങ്ങുന്നത്.
ദില്ലിയില്‍ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം കൊടുമ്പിരികൊള്ളുന്നതിനിടെയാണ് കർഷകരുടെ പ്രക്ഷോഭവും എത്തുന്നത്. ഇതേ തുടർന്ന് ഹരിയാന അതിർത്തി വഴി ദില്ലിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ ബവാന പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതില്‍ പ്രതിഷേധിച്ച് കർഷകർ ഹിസാർ, ശംഭു തുടങ്ങിയ പ്രധാന ടോള്‍ പ്ലാസകള്‍ ഉപരോധിച്ചതോടെ ദേശീയപാതകളില്‍ ഗതാഗതം തടസ്സപ്പെട്ടു.
പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭു കോണ്‍ക്രീറ്റ് ബാരിക്കേഡുകളും ജലപീരങ്കികളും ഉപയോഗിച്ച് പോലീസ് പൂർണ്ണമായി അടയ്ക്കുകയും അതിർത്തി ജില്ലകളില്‍ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു. കരാറിനെതിരെ രാജ്യത്തെ കർഷക സംഘടനകള്‍ നേരത്തെ എതിർപ്പറിയിച്ചിരുന്നു. കരാറില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍, കരാറുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
