തിരുവനന്തപുരം: കഴിഞ്ഞ ഏപ്രില്‍ 10ന് ആണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ ആത്മഹത്യ ചെയ്തത്. ഡോ. റാം ഉള്‍പ്പെടെ കോളേജിലെ അധ്യാപകരില്‍ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. നിതിന്‍ രാജിൻ്റെ മരണം അന്വേഷിക്കാന്‍ ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചു.

കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസിലെ മുഖ്യ പ്രതി ഡോ. എം.കെ റാമിന്റെ അറസ്റ്റില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ ഉത്തരമേഖല ഐജിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി.

മൂന്ന് മാസമായി ഒളിവില്‍ കഴിയുന്ന ഡോ. എം.കെ റാമിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിന് പിന്നാലെയാണ് കുടകില്‍ വെച്ച് ഇയാളെ പിടികൂടിയത്. റാമിന് ഒളിവില്‍ കഴിയാന്‍ പൊലീസ് സഹായിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചത്.