ബെംഗളൂരു: താമസസ്ഥലത്തെ ടെറസ്സിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച 23-കാരനെ പിടികൂടി പോലീസ്. അസം സ്വദേശിയായ അബ്ദുൾ ഹുസൈൻ എന്ന 23-കാരനാണ് പോലീസിന്റെ പിടിയിലായത്.
രണ്ട് യുവതികൾ രഹസ്യമായി സ്ഥാപിച്ച സിസിടിവി ക്യാമറയാണ് കള്ളനെ കുടുക്കിയത്. ബെംഗളൂരുവിലെ ഹൊയ്സാല നഗറിലാണ് സംഭവം. രണ്ട് സ്ത്രീകൾ തങ്ങളുടെ അലക്കി വിരിച്ച തുണികളിൽ അസാധാരണമായ ഒരു മാറ്റം ശ്രദ്ധിച്ചതോടെയാണ് ഈ വിചിത്രമായ സംഭവം പുറംലോകമറിയുന്നത്.
കഴുകി ഉണക്കാനിടുന്ന അടിവസ്ത്രങ്ങൾ രാത്രിയിൽ ദുരൂഹമായി അപ്രത്യക്ഷമാകുന്നു എന്നതായിരുന്നു ഇവരുടെ ആദ്യത്തെ വേവലാതി. എന്നാൽ അതിലും വിചിത്രമായ കാര്യം, കാണാതായ വസ്ത്രങ്ങൾ അടുത്ത ദിവസം അതേ സ്ഥലത്ത് തന്നെ തിരിച്ചെത്തുകയും, പകരം മറ്റൊരു പുതിയ ജോഡി വസ്ത്രം അപ്രത്യക്ഷമാവുകയും ചെയ്യുന്നു എന്നതായിരുന്നു.
വീടിന്റെ ടെറസ്സുകളിൽ ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും, രാത്രി മുഴുവൻ അവ ധരിക്കുകയും ചെയ്ത ശേഷം പിറ്റേന്ന് രാവിലെ അവ തിരികെ കൊണ്ടുവെച്ച് പുതിയ ഒരെണ്ണം മോഷ്ടിക്കുകയുമായിരുന്നു ഇയാളുടെ രീതി.
ഇത് തുടർച്ചയായതോടെ ആരാണ് ടെറസ്സിൽ പ്രവേശിക്കുന്നതെന്ന് കണ്ടെത്താൻ സ്ത്രീകൾ തീരുമാനിച്ചു, പിന്നാലെ അവർ തങ്ങളുടെ ടെറസ്സിൽ രഹസ്യമായി ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചു. ജൂലൈ രണ്ടിന് പുലർച്ചെ മൂന്നുമണിയോടെ പ്രതി ടെറസ്സിലേക്ക് കയറുന്നത് ക്യാമറയിൽ പതിഞ്ഞു. പ്രതി നേരത്തെ എടുത്ത വസ്ത്രം തിരികെ വെക്കുന്നതും, പുതിയത് എടുത്ത് അവിടെ നിന്നും പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
