നിർണായക ലോകകപ്പ് ഫൈനലിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കെ നിലവിലെ ലോകജേതാക്കളായ അർജൻ്റീനയ്ക്കെതിരെ ഫിഫയുടെ കടുത്ത അച്ചടക്ക നടപടി വരുന്നു…. ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ലോകകപ്പ് ഫൈനലിൽ കടന്നതിന് പിന്നാലെ അർജൻ്റീനൻ താരങ്ങൾ നടത്തിയൊരു വിജയാഹ്ളാദ പ്രകടനമാണ് അവർക്ക് വലിയ തിരിച്ചടിയാകുക. മത്സരശേഷം “ഫോക്ക്‌ലാൻഡ് ദ്വീപുകാർ അർജൻ്റീനക്കാരാണ്” എന്ന രാഷ്ട്രീയ ചുവയുള്ള ബാനറുമായി അർജൻ്റീനൻ താരങ്ങൾ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ മൈതാനത്തിന് ചുറ്റും വലംവച്ചിരുന്നു.

ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ നടന്ന മത്സരത്തിന് പിന്നാലെ ജിയോവാനി ലോ സെൽസോ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരുൾപ്പെടെ നിരവധി അർജൻ്റൈൻ താരങ്ങൾ കയ്യിൽ ‘ലാസ് മാൽവിനാസ് സൺ അർജൻ്റീനാസ്’ എന്നെഴുതിയ ബാനർ ഉയർത്തിപ്പിടിച്ചിരുന്നു. ഫോക്ക്‌ലാൻഡ് ദ്വീപുകൾ എന്നതിൻ്റെ സ്പാനിഷ് പദമാണ് മാൽവിനാസ്. ഫോക്‌ലാൻഡ് ദ്വീപുകൾ എക്കാലവും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഒരു ബാനർ ഉയർത്തിപ്പിടിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.