മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് നേരെ പരസ്യ വധഭീഷണി. ആമിർ ഖാനെ കൊലപ്പെടുത്തുന്നവർക്ക് 5 കോടി രൂപ പ്രതിഫലമാണ് അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യ പ്രഖ്യാപിച്ചത്. ഈയിടെ ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്റെ മൂന്നാം വിവാഹത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ ആമിർ ഖാനെ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ എന്ന് വിളിച്ചിരുന്നു. ഇതിനെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടാണ് ജഗദ്ഗുരു പരമഹംസ് ആചാര്യയുടെ രംഗപ്രവേശം. ഇത്തരം ആളുകളോട് ഉടൻ തന്നെ പ്രതികരിക്കണം, ഇവർ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയാണെന്നും പരമഹംസ് കൂട്ടിച്ചേർത്തു.
ശ്രീരാമന്റെ പവിത്രമായ ജന്മസ്ഥലമായ അയോധ്യാ ധാമില്‍ നിന്നും തപസ്വി ഛാവണി പീഠാധീശ്വർ എന്ന നിലയിലാണ് താൻ 5 കോടി രൂപയുടെ പ്രതിഫലം പ്രഖ്യാപിക്കുന്നതെന്ന് പരമഹംസ് ആചാര്യ പറഞ്ഞു. ആമിർ ഖാനെ ഏതെങ്കിലും മാർഗ്ഗത്തിലൂടെ വധിക്കുന്ന വ്യക്തിയുടെ മുഴുവൻ നിയമപരമായ ചെലവുകളും താൻ വഹിക്കുമെന്നും അവരുടെ കുടുംബത്തിന് 5 കോടി രൂപ നല്‍കുമെന്നുമാണ് ഗുരുതരമായ പ്രഖ്യാപനം. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം 100-200 ആളുകളെ ഇല്ലാതാക്കിയാല്‍ ലവ് ജിഹാദ് പൂർണ്ണമായും അവസാനിക്കുമെന്നും അയോധ്യയിലെ പുരോഹിതൻ അഭിപ്രായപ്പെട്ടു.
