ഫിഫ അര്‍ജന്റീനയുമായി ഒത്തുകളിക്കുന്നു, റഫറിമാര്‍ ലയണല്‍ മെസിക്കും സംഘത്തിനും അനുകൂലമായി തീരുമാനങ്ങളെടുക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ശക്തമാണ്. എന്നാല്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഫൈനലില്‍ എത്തിയതിന് പിന്നാലെ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് മെസി രംഗത്തെത്തി.

ഫിഫ അര്‍ജന്റീനയുമായി ഒത്തുകളിക്കുന്നു, റഫറിമാര്‍ ലയണല്‍ മെസിക്കും സംഘത്തിനും അനുകൂലമായി തീരുമാനങ്ങളെടുക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ശക്തമാണ്. എന്നാല്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഫൈനലില്‍ എത്തിയതിന് പിന്നാലെ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് മെസി രംഗത്തെത്തി. തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ എത്തിയത് തങ്ങളുടേത് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണെന്ന് തെളിയിക്കുന്നതാണെന്നും, തങ്ങളുടെ വിജയം യാദൃശ്ചികമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. തങ്ങള്‍ ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കില്‍ ആളുകള്‍ വിഡ്ഢിത്തങ്ങള്‍ പറയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾക്ക് അനുകൂലമായി പക്ഷപാതം കാണിച്ചുവെന്ന ആരോപണങ്ങളെ മെസി പൂർണ്ണമായും തള്ളിക്കളഞ്ഞു.

“ഇത് ആരെ വേദനിപ്പിച്ചാലും ശരി…ആളുകൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അവർ എന്ത് പറഞ്ഞാലും, കഴിഞ്ഞ നാല് വർഷമായി ഞങ്ങളാണ് ഏറ്റവും മികച്ചവർ. ഞങ്ങൾ വീണ്ടും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകളിൽ ഒന്നായി എത്തിയിരിക്കുന്നു. ഞങ്ങൾ ചെയ്തതൊന്നും യാദൃശ്ചികമല്ലെന്നും ആരും ഞങ്ങൾക്ക് ഒന്നും വെറുതെ തന്നിട്ടില്ലെന്നും ഇത് കാണിക്കുന്നു. തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിൽ എത്തുക എന്നത് ചുരുക്കം ചിലർ മാത്രം കൈവരിക്കുന്ന നേട്ടമാണ്. ഈ സംഘം അത് സാധിച്ചെടുത്തു,” മെസി പറഞ്ഞു.

“ഞങ്ങൾ ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കിൽ, ആളുകൾ പുറത്തുവന്ന് എന്തെങ്കിലുമൊക്കെ വിഡ്ഢിത്തങ്ങൾ പറയുമായിരുന്നു, എന്നാൽ ഞങ്ങൾ അവർക്ക് അതിനുള്ള അവസരം നൽകിയില്ല. ഫുട്ബോളിന്റെ കാര്യത്തിൽ ഞങ്ങൾ അവരേക്കാൾ മികച്ചവരാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ ഇത്രയും വലിയൊരു മത്സരത്തിൽ ഒരുപാട് കാര്യങ്ങൾ പണയത്തിലാണ്. ഇത്തരം മത്സരങ്ങളിലാണ് ചരിത്രപരമായ സംഭവങ്ങൾ ഉണ്ടാകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഡീഗോ ആസ്വദിക്കുന്നുണ്ടാകും’

40 വർഷങ്ങൾക്ക് മുമ്പ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിൽ നടന്ന പോരാട്ടത്തിന് നേതൃത്വം നൽകിയ അന്തരിച്ച ഡീഗോ മറഡോണയ്ക്കാണ് മെസി ഈ വിജയം സമർപ്പിച്ചത്. ഡീഗോ മുകളിൽ ഇരുന്ന് ഇത് വളരെയധികം ആസ്വദിക്കുന്നുണ്ടാകുമെന്ന് മെസി പറഞ്ഞു.

ഇന്ന് അദ്ദേഹത്തിന് വളരെ സവിശേഷമായ ഒരു ദിവസമായിരുന്നു. അദ്ദേഹത്തിന് ഈ സന്തോഷം നൽകാനും മുകളിൽ ഇരുന്ന് അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ സാധിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹം ഇത് ആസ്വദിക്കട്ടെ. കാരണം ഇത് അദ്ദേഹത്തിനുള്ള ഒരു സമ്മാനം കൂടിയാണെന്ന് മെസി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അവസാന നിമിഷമാണ് അര്‍ജന്റീന വിജയം പിടിച്ചെടുത്തത്.. അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിന്റെ 55-ാം മിനിറ്റിൽ ആന്റണി ഗോർഡൻ നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും, മെസിയുടെ രണ്ട് അസിസ്റ്റുകളുടെ സഹായത്തോടെ എൻസോ ഫെർണാണ്ടസും ലൗട്ടാരോ മാർട്ടീനസും നേടിയ ഗോളുകളിലൂടെ അർജന്റീന കളി നാടകീയമായി തിരിച്ചടിച്ചു. കലാശപ്പോരാട്ടത്തില്‍ സ്‌പെയിനാണ് അര്‍ജന്റീനയുടെ എതിരാളികള്‍. സെമിയില്‍ ഫ്രാന്‍സിനെ കീഴടക്കിയാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്.