മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വച്ച് കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറി എന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ മുൻ മന്ത്രി കെടി ജലീലിനെതിരേ സ്വമേധയാ കേസെടുത്തു. സദസ്സിന് മുന്നിൽ വെച്ച് വിദ്യാർഥിയെ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നും സ്റ്റേജിൽ വിളിച്ച് വരുത്തി വിദ്യാർഥിയുടെ ചെവിയിൽ നുള്ളി എന്നുമാണ് ആക്ഷേപം.
പാലക്കാട്: മുൻ മന്ത്രി കെ ടി ജലീലിനെതിരേ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വച്ച് കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറി എന്ന ആരോപണത്തിലാണ് നടപടി. മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി “എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ വെച്ച് വിദ്യാർഥിയെ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നും സ്റ്റേജിൽ വിളിച്ച് വരുത്തി വിദ്യാർഥിയുടെ ചെവിയിൽ നുള്ളി എന്നുമാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് ജലീലിന്റെ നടപടിക്ക് എതിരേ ആക്ഷേപങ്ങൾ വന്നത്.
സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെവി മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം എംഎസ്എഫ് ജലീലിനെതിരേ വിഷയത്തിൽ കടുത്ത വിമർശനം ഉന്നയിക്കുകയും കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അപമാനിക്കപ്പെട്ട വിദ്യാർഥിയോട് ജലീൽ മാപ്പ് പറയണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. അതേസമയം മാപ്പ് ആവശ്യപ്പെടുകൊണ്ടുള്ള എംഎസ്എഫ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് വിഷയത്തിൽ കെടി ജലീലും വിശദീകരണവുമായി രംഗത്തെത്തി.
നുള്ളും പൊള്ളും പിന്നെ മയയും കുയിയും!
നുള്ളും പൊള്ളും പിന്നെ മയയും കുയിയും! എന്ന തലക്കെട്ടിലുള്ള കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് വിദ്യാർഥിയെ അപമാനിച്ചെന്ന വിഷയത്തിലുള്ള തന്റെ പ്രതികരണം കെടി ജലീൽ പങ്കുവച്ചിട്ടുണ്ട്.പോസ്റ്റിന്റെ പൂർണരൂപം ഇതാ: ”മണ്ണാർക്കാട്ട് ഇന്നലെ നടന്ന SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്.
പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനങ്ങൾ പറഞ്ഞും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണർത്തിയുമാണ് ഞാൻ ഉദ്ഘാടനം ചെയ്തത്. പ്രസംഗം കഴിഞ്ഞ് മുഴുവൻ പേർക്കും മെമെൻ്റൊ നൽകിയ ശേഷമാണ് വേദി വിട്ടത്. അതുമായി ബന്ധപ്പെട്ട് “മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ” (MSF) എനിക്കെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തു വന്നത് ഒരു വിവാദത്തിന് തിരി കൊളുത്തിയതായി അറിയാനായി.
പന്ത്രണ്ടര വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചയാളാണ് ഈയുള്ളവൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. എൻ്റെ വിദ്യാർത്ഥികളെ കഴിവിൻ്റെ പരമാവധി അവർക്കു മനസ്സിലാകും വിധം ഞാൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് ഞാനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല.
ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല. ഞാൻ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമൻ്റായി അവർക്കത് ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം. എൻ്റെ വിദ്യാർത്ഥികളിൽ ധാരാളം MSF-കാരും ഉണ്ടായിരുന്നു. അവരിൽ പലരും രാഷ്ട്രീയത്തിൽ ഉൾപ്പടെ പലമേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. തുറന്ന മനസ്സോടെ അവർക്കും ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ കമൻ്റിടാം.
ഇനി മണ്ണാർക്കാട്ടേക്കു വരാം. സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല എൻ്റേത്. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അദ്ധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്.
അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണ്ണമായും കണ്ടാൽ അത് ബോദ്ധ്യമാകും. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അദ്ധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണ്ണമായും കണ്ടാൽ അത് ബോദ്ധ്യമാകും. ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്.
കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെൻ്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു ബോദ്ധ്യമാകും. ഏതെങ്കിലും രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ എൻ്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എൻ്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാൽ തീർച്ചയായും അതു പരിഗണിക്കും.
കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല MSF-കാർ. പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ MSF മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിൻ്റെ ഔചിത്യം മനസ്സിലാകുന്നില്ല. MSF മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്കാരം” എന്ന് പറഞ്ഞാണ് ജലീലിന്റെ കുറിപ്പ് അവസാനിക്കുന്നത്.
