കൊച്ചി: താര സംഘടന അമ്മയുടെ അഡ് ഹോക്ക് കമ്മറ്റിക്കെതിരായ ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേർക്കേണ്ടെന്ന് ശ്വേത മേനോൻ. ശ്വേതയുടെ എതിര്‍പ്പില്‍ ഈ മാസം 27ന് എറണാകുളം മുന്‍സിഫ് കോടതി വാദം കേള്‍ക്കും. അഡ് ഹോക്ക് കമ്മറ്റിയുടെ പ്രവര്‍ത്തനം വിലക്കിയതില്‍ രമേഷ് പിഷാരടിയും എതിര്‍പ്പ് അറിയിക്കും. പിഷാരടിയുടെ വാദവും 27ന് കേള്‍ക്കാനാണ് കോടതി തീരുമാനം. അതുവരെ അഡ്‍ഹോക്ക് കമ്മറ്റിക്കുള്ള സ്റ്റേ തുടരും.
അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നായിരുന്നു ശ്വേതയുടെ ഹർജി. അമ്മയുടെ ഭരണസമിതി രാജിവച്ചാല്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ചുമതല രാജിവച്ച സമിതിക്ക് തന്നെയായിരിക്കും. ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി എന്ന സംവിധാനമില്ലെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവ് വന്നതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്നും രമേഷ് പിഷാരടി രാജി വച്ചിരുന്നു. അമ്മ സംഘടനയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.
