തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആദ്യ ബജറ്റിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന് സാമ്പത്തിക പ്രശ്നങ്ങളില്ലെന്ന് ബജറ്റ് അവതരണത്തിൽ വ്യക്തമെന്ന് പിണറായി വിജയൻ പറഞ്ഞു. ബജറ്റിൽ 2000 കോടിയുടെ അധിക വകയിരുത്തലുണ്ട്. സാമ്പത്തികം മോശം എന്നത് രാഷ്ട്രീയ ആക്ഷേപമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിവിധ മേഖലയിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കാർഷിക മേഖല പ്രതിസന്ധിയിലാണ്. ഭാവി കേരളത്തെ കെട്ടിപ്പടുക്കാനുള്ള പദ്ധതികൾ ബജറ്റിലില്ല. ക്ഷേമ ആശ്വാസ പദ്ധതികളെ അവഗണിച്ചു. പഴയ ബജറ്റുകളിലെ ചില പദ്ധതികൾ പേരുമാറ്റി അവതരിപ്പിച്ചു. നാവായിക്കുളം വിഴിഞ്ഞം ഔട്ടർ റിംഗ് റോഡ് ഉദാഹരണമാണ്. അതിദാരിദ്ര്യ നിർമാർജനം പരാമർശിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി പ്രഖ്യാപിച്ചത് സ്വകാര്യവത്ക്കരണത്തിന് വേണ്ടിയെന്ന് സംശയം. സ്വകാര്യ കുത്തകകൾക്ക് വേണ്ടി ലാൻഡ് മാനേജ്മെൻറ് നയം നടപ്പാക്കാൻ ആണ് നീക്കം. നെഹ്റുവിയൻ എന്ന് പറയുന്ന മുഖ്യമന്ത്രി ആ ആശയത്തെ കുഴിച്ചുമൂടുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ബജറ്റിലെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ പശ്ചാത്തല വികസനം നടന്നതിൻ്റെ ചാലക ശക്തി തന്നെ കിഫ്ബിയാണ്. അതിൻ്റെ ചിറകരിയുന്ന നിലപാടാണ് ബജറ്റിൽ. എസ്സി, എസ്ടി വിഭാഗങ്ങൾക്ക് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് ലൈഫ് പദ്ധതി തകർക്കാനുള്ള നീക്കമെന്നും പിണറായി വിജയൻ പറഞ്ഞു.
