തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പിടിയിൽ. ലഹരി വേട്ടക്കായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന്’ ഇന്ന് തുടക്കമായിരുന്നു. ഇതിന് പിന്നാലെയാണ് പത്തുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലാകുന്നത്.

തിരുവനന്തപുരം ഈഞ്ചക്കലിൽ ഇന്നു രാവിലെയാണ് സംഭവം. തമിഴ്‌നാട്ടിൽ നിന്നോ ആന്ധ്രയിൽ നിന്നോ ആണ് ക‌ഞ്ചാവെത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈക്കിൽ വരികയായിരുന്ന പ്രതികളെ തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു.

ബാഗിൽ കഞ്ചാവ് എത്തിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്റെ സംശയം. പ്രതികളെ ഫോർട്ട് പൊലീസിന് കൈമാറി.