തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ മുമ്പെങ്ങുമില്ലാത്ത വിധം വൻ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിക്ക് പവന് 10,200 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,23,220 രൂപയായി ഉയർന്നു. ഗ്രാമിന് 1275 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ മാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 1,23,220 രൂപ. (ഇന്നലത്തെക്കാൾ 10,200 രൂപയുടെ വർധന). മെയ് 5-നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (1,09,400 രൂപ). അവിടെ നിന്നാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വില കുതിച്ചുയർന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും വൻ വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും പത്ത് ഗ്രാമിന് 3200 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ആഗോള വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവുമാണ് സ്വർണവില ഇത്രയധികം കുതിച്ചുയരാൻ കാരണമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതും വില വർധിക്കാൻ കാരണമായി.
