കണ്ണൂർ: ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി നിയന്ത്രണവുമായി കെഎസ്ഇബി. മെയ് 12 മുതൽ ഏഴ് ദിവസത്തേക്ക് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചത്. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോമറിന്റെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

സബ്സ്റ്റേഷനിലെ ട്രാൻസ്ഫോമറിന്റെ 220 കെവി ബുഷിങ്ങിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര അറ്റകുറ്റപണികൾക്കായി ട്രാൻസ്ഫോമർ ഷട്ട്ഡൗൺ‍ ചെയ്യുന്നതാണ്. തകരാർ പരിഹരിക്കാൻ ഏഴ് ദിവസത്തോളം വേണ്ടി വരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിട്ടുള്ളത്.

വടക്കൻ ജില്ലകളിലെ വൈദ്യുതി വിതരണത്തിലെ സുപ്രധാന കണ്ണിയാണ് ഈ സബ്സ്റ്റേഷൻ. വൈദ്യുതി ഭാഗികമായി നിയന്ത്രിച്ച പശ്ചാത്തലത്തിൽ താൽകാലിക ലോഡ് നിയന്ത്രണങ്ങൾ അനിവാര്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ലഭ്യമായ ലൈനുകളും വൈദ്യുതി ഉൽപാദനവും ഉപയോഗിച്ച് ആവശ്യകത നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പല പ്രദേശങ്ങളിലും ചില സമയങ്ങളിൽ വൈദ്യുതി മുടക്കങ്ങളും കുറഞ്ഞ വോൾട്ടേജ് പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

വലിയ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്ന് ഹൈ- വോൾട്ടേജ് ലൈനുകളിലൂടെ സംസ്ഥാന ശൃംഖലകളിലേക്ക് വൈദ്യുതി എത്തിക്കുന്ന കേന്ദ്ര ഏജൻസിയാണ് പവർ ഗ്രിഡ് കോർപ്പറേഷൻ. ഈ വൈദ്യുതി കെഎസ്ഇബി വഴി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യും. അതുകൊണ്ടാണ് പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോമറിന്റെ തകരാർ വടക്കൻ ജില്ലകളെ ബാധിക്കുന്നത്.