ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി തമിഴക വെട്രി കഴകം. നിയമസഭയിൽ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിയുടെ ടിവികെ സർക്കാർ. ഇതോടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് തുടരും. 144 പേരുടെ പിന്തുണയാണ് നേടിയത്. എഐഎഡിഎംകെയുടെ 25 എംഎൽഎമാർ കൂറുമാറി. പ്രതിപക്ഷത്തിന്റെ കടുത്ത വെല്ലുവിളികൾക്കിടയിലാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. സഭയിൽ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചതോടെ സർക്കാർ നിലനിൽപ്പിനെ കുറിച്ചുള്ള ആശങ്കകളും അവസാനിച്ചു.

ഇന്ന് രാവിലെ 9.30-ഓടെയാണ് നിയമസഭ യോഗം ചേർന്നത്. തുടർന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താൻ മുഖ്യമന്ത്രി വിജയ് നിർദേശിച്ചു. പിന്നാലെ ഓരോ കക്ഷികളും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ആദ്യം കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് സംസാരിച്ച അംഗങ്ങൾ ടിവികെ സർക്കാരിന് പിന്തുണ അറിയിച്ചു. കോൺഗ്രസിന് പിന്നാലെ, തമിഴ്‌നാട് ലിബറേഷൻ ടൈഗേഴ്‌സ് (2), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (2), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (2) എന്നീ പാർട്ടികളിലെ നിയമസഭാംഗങ്ങളും ടിവികെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു.

കൂടാതെ, സ്വതന്ത്ര എംഎൽഎ കാമരാജും ) തമിഴക വെട്രി കഴക സർക്കാരിന് പിന്തുണ നൽകിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണയാണ് ആവശ്യം. എന്നാൽ 144 വോട്ട് നേടി ടിവികെ ഭൂരിപക്ഷം ഉറപ്പിച്ചു. 22 പേർ എതിർത്തു. അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപി, പിഎംകെ, എഐഎഡിഎംകെയുടെ ഒരു വിഭാഗം നേതാക്കൾ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ വിജയം ഉറപ്പാക്കിയത്. സ്പീക്കർ ജെ.സി.ഡി. പ്രഭാകറാണ് സർക്കാർ വിശ്വാസവോട്ട് നേടിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.