തമിഴ്നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പതിറ്റാണ്ടുകളായി കേന്ദ്രസർക്കാറിന്റെ ജനസംഖ്യ നിയന്ത്രണ പ്രഖ്യാപനങ്ങൾ പിന്തുടരുന്നുണ്ട്. എന്നാൽ ഇത് പിന്തുടരുന്ന സംസ്ഥാനങ്ങളെ സീറ്റുകളുടെ എണ്ണം കുറച്ചുകൊണ്ട് ശിക്ഷിക്കുകയും ഇത് പാലിക്കാത്ത സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് പ്രതിഫലം നൽകുകയും ചെയ്തത് അധാർമികമാണെന്ന് വിജയ് പ്രതികരിച്ചു……..

കേന്ദ്രസർക്കാറിന്റെ നിർദ്ദിഷ്ട ഭരണഘടന( 131ാം ഭേദഗതി) ബില്ല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന് തമിഴക വെട്രി കഴകം നേതാവ് വിജയ്. തന്റെ എക്സ് പോസ്റ്റിലൂടെ ആയിരുന്നു വിജയിയുടെ പ്രതികരണം. കേന്ദ്രസർക്കാറിന്റെ ഈ നീക്കം വിവേചനപരവും തമിഴ്നാട്ടിലെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമവും ആണെന്ന് അദ്ദേഹം ശക്തമായി വിമർശിച്ചു. അതേസമയം പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ഈ ബില്ല് ലോക്സഭാംഗങ്ങളുടെ എണ്ണം 543 നിന്നും 850 ആയി ഉയർത്തും. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് ടിവികെ സ്വാഗതം ചെയ്യുന്നുവെന്നും വിജയ് വ്യക്തമാക്കി.

അതേസമയം തന്നെ മണ്ഡലങ്ങളുടെ പുനർനിർവിഭജനത്തിന്റെ അനന്തരഫലങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബില്ല് പാസാക്കുന്നതോടെ വടക്കൻ തെക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രതിനിധി അനുപാതത്തിൽ വലിയ മാറ്റമാണ് ഉണ്ടാവുക. പ്രത്യേകിച്ച് പാർലമെന്റിൽ വടക്ക് സംസ്ഥാനങ്ങളുടെ ആധിപത്യം വർദ്ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തമിഴ്നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പതിറ്റാണ്ടുകളായി കേന്ദ്രസർക്കാറിന്റെ ജനസംഖ്യ നിയന്ത്രണ പ്രഖ്യാപനങ്ങൾ പിന്തുടരുന്നുണ്ട്. എന്നാൽ ഇത് പിന്തുടരുന്ന സംസ്ഥാനങ്ങളെ സീറ്റുകളുടെ എണ്ണം കുറച്ചുകൊണ്ട് ശിക്ഷിക്കുകയും ഇത് പാലിക്കാത്ത സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് പ്രതിഫലം നൽകുകയും ചെയ്തത് അധാർമികമാണെന്ന് വിജയ് പ്രതികരിച്ചു.

ഭാഷ, സംസ്കാരം, സംസ്ഥാന അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. “ഐക്യ സർക്കാരിന്റെ തത്വങ്ങൾ പൂർണ്ണമായും പാലിച്ച തമിഴ്‌നാട്ടിലെ ജനങ്ങളുടെ ശബ്ദം ഇനി പാർലമെന്റിൽ കേൾക്കില്ല. ഇത് മനഃപൂർവമായ വിവേചനപരമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.