തിരുവനന്തപുരം: രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. ദേശീയഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി വി.ഡി സതീശന്‍ തലസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. അതേസമയം ചടങ്ങില്‍ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം കേരളം തള്ളി. വിവിധ സേനാവിഭാഗങ്ങള്‍, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ പൂര്‍ണരൂപം:
ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല. സര്‍ക്കാര്‍ ആ കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തും. എപ്പോഴുമെന്ന പോലെ ഒറ്റക്കെട്ടായി നമ്മള്‍ ഏത് പ്രതിസന്ധികളെയും അതിജീവിക്കും. പ്രളയ ദുരന്തങ്ങള്‍ നേരിടാന്‍ ശാസ്ത്രീയമായ സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. എല്ലാവരുടേയും പിന്തുണയോടെ നമ്മള്‍ അത് നടപ്പാക്കും. ഒരു 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി. ലോകം ഉറങ്ങിയപ്പോള്‍ ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ പുലരിയിലേക്കും കണ്‍തുറന്നു. അന്ന് ത്രിവര്‍ണ പതാക ഉയര്‍ത്തി, പ്രതീക്ഷയുടെ നറുവെളിച്ചം പരത്തിക്കൊണ്ട് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാജ്യത്തോട് പറഞ്ഞു:-
‘വരും ദിനങ്ങള്‍ എളുപ്പമുള്ളതോ വിശ്രമത്തിന്റേതോ അല്ല. നിരന്തര പ്രയത്‌നത്തിന്റെ കാലമാണ് വരുന്നത്. നമ്മള്‍ നമ്മളോടു ചെയ്ത പ്രതിജ്ഞകളും ഇന്നു കൈക്കൊള്ളുന്ന പ്രതിജ്ഞയും യാഥാര്‍ഥ്യമാക്കാനുമുള്ളതാണ് ഇനിയുള്ള ഓരോ ദിവസങ്ങളും. ഇന്ത്യയ്ക്കു വേണ്ടി സേവനമനുഷ്ഠിക്കുകയെന്നാല്‍ കഷ്ടത അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയെന്നതാണ് അര്‍ത്ഥം. പട്ടിണിയും നിരക്ഷരതയും രോഗപീഡകളും അസമത്വവും ഇല്ലാതാക്കുകയെന്നതാണ് ആ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. എല്ലാ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുമാറ്റുകയെന്നാണ് നമുക്കിടയിലെ മഹദ് വ്യക്തികള്‍ ആഗ്രഹിച്ചത്. അത് യാഥാര്‍ഥ്യമാക്കുക എളുപ്പമല്ല, പക്ഷെ കണ്ണീരും കഷ്ടപ്പാടുമുള്ള കാലത്തോളം നമ്മുടെ കഠിനാധ്വാനം അവസാനിക്കുന്നില്ലെന്ന് പ്രതിജ്ഞ ചെയ്യാം.’
സ്വാതന്ത്ര്യദിനത്തില്‍ പുതുയുഗ കേരളത്തിന് വേണ്ടി നമുക്കും പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. കരുണയും സേവന തല്‍പരതയും സഹിഷ്ണുതയുമുള്ള കേരളമാണ് ഉയിര്‍ കൊള്ളേണ്ടത്. വികസനോന്മുഖമായ പ്രവര്‍ത്തനങ്ങളും ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ചുള്ള കഠിനാധ്വാനവും പുതുതലമുറയെയും മുതിര്‍ന്ന പൗരന്‍മാരെയും ചേര്‍ത്തു പിടിച്ചുള്ളതുമാകട്ടെ നമ്മുടെ മുന്നോട്ടുള്ള പ്രയാണം. ആധുനികമായ കേരളം, പുത്തന്‍ ആശയങ്ങളുടെ കേരളം, സമൃദ്ധിയും സന്തോഷവുമുള്ള കേരളം, സുരക്ഷിത കേരളം, ഇന്ത്യക്ക് വഴികാട്ടിയാകുന്ന കേരളം… ഇതിനായി ശ്രമിക്കുമ്പോള്‍ ലക്ഷ്യവും മാര്‍ഗവും ഒരുപോലെ വ്യക്തമായി മനസില്‍ കുറിക്കേണ്ടതുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍, ഭരണഘടനാ തത്വങ്ങള്‍, തുല്യതയും നീതിയും പ്രകൃതിയ്ക്ക് ഇണങ്ങുന്നതും കാലാവസ്ഥാ മാറ്റം കണക്കിലെടുത്തുള്ളതുമായ വികസനം എന്നിവയാണ് ഈ കാലം നമ്മളോട് ആവശ്യപ്പെടുന്നത്. ഇതിനായി അക്ഷീണം പ്രവര്‍ത്തിക്കണം. തോളോടുതോള്‍ ചേര്‍ന്ന്, ജാതിയും മതവും ലിംഗ വിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാനാകണം. ഇതാകണം സ്വാതന്ത്ര്യം പുലര്‍ന്ന ഈ പുണ്യമായ പുലരിയിലെ നമ്മുടെ പ്രതിജ്ഞ.
കേരളം, സഹ്യനും അറേബ്യന്‍ കടലിനും ഇടക്കുള്ള ഒരു ഭൂപ്രദേശം മാത്രമല്ല. വിവിധ ജീവിത രീതികള്‍, വിശ്വാസങ്ങള്‍, തൊഴിലുകള്‍, കലകള്‍, ഭക്ഷണ രീതികള്‍, പലതരം മനുഷ്യര്‍, അവരുടെ സ്വപ്നങ്ങള്‍, ആകുലതകള്‍, പ്രയത്‌നങ്ങള്‍ എല്ലാം ചേര്‍ന്ന ഒരു മനോഹരവും അതുല്യവുമായ സങ്കലനം കൂടിയാണ്. ഇന്ത്യയുടെ ഒരു ചെറുപതിപ്പ്, അതേസമയം തനതായ വ്യക്തിത്വമുള്ള ഒരിടം. ഇന്ത്യയുമായും ലോകവുമായും നിരന്തരം സംവദിച്ചും കൊടുത്തും വാങ്ങിയും ഈ ചെറുസംസ്ഥാനം ലോകത്തോളം വളരുകയാണ്. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും മുതല്‍ മതേതരത്വത്തിലും സാക്ഷരതയിലും സഹിഷ്ണുതയിലും രാഷ്ട്രീയ ബോധ്യത്തിലും രാജ്യത്തിന് മാതൃകയുമായി. ഈ നേട്ടങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ടാവണം നമ്മുടെ പുതുയുഗ കേരളത്തിനായുള്ള പരിശ്രമം. മതേതരത്വവും ജനാധിപത്യബോധവും തുല്യതയുമാണ് നമ്മുടെ കരുത്തും ഊര്‍ജവും. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഈ സ്വാതന്ത്യ ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.
പട്ടിണി, രോഗം, തൊഴിലില്ലായ്മ എന്നിവയാണ് ഏതു ജനതയെയും പിന്നോട്ടടിക്കുന്ന മൂന്ന് കാര്യങ്ങള്‍. 79 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളത്തിലും നമ്മുടെ രാജ്യത്തും ഇവ ഇന്നും അവശേഷിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. പട്ടികജാതി -പട്ടിക വര്‍ഗ വിഭാഗത്തിലെ സഹോദരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, ന്യൂനപക്ഷങ്ങള്‍, ട്രാന്‍സ്ജന്‍ഡേഴ്‌സ് ഇങ്ങനെ പ്രത്യേക പരിഗണനയും കരുതലും വേണ്ടവര്‍ ഇപ്പോഴും അനേകമനേകം പ്രശ്‌നങ്ങളും പ്രതിസന്ധികളും അരക്ഷിതാവസ്ഥകളും നേരിടുകയാണ്. കുട്ടികളും ചെറുപ്പക്കാരും പരീക്ഷാ നടത്തിപ്പു മുതല്‍ തൊഴിലവസരങ്ങളുടെ കുറവ് വരെയുള്ള ഒരു കൂട്ടം കൊടിയ പ്രശ്‌നങ്ങളുടെ നടുവിലാണ്. കൃഷിക്കാരും തൊഴിലാളികളും തീരദേശത്തെ ജനങ്ങളും നേരിടുന്ന വെല്ലുവിളികളും അനവധിയാണ്. ഇവ നിലനില്‍ക്കുന്നിടത്തോളം കാലം എങ്ങിനെയാണ് നമുക്ക് വിശ്രമിക്കാനാകുക? കണ്ണീരും കഷ്ടപ്പാടുമുള്ള കാലത്തോളം നമ്മുടെ കഠിനാധ്വാനം അവസാനിക്കുന്നില്ലെന്ന പണ്ഡിറ്റ്ജിയുടെ വാക്കുകളുടെ പ്രസക്തി ഇവിടെയാണ് കാണേണ്ടത്.
രാജ്യവും ലോകവും കേരളവും ഇന്ന് പ്രത്യേകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധവും എല്ലാം നഷ്ടപ്പെട്ടുള്ള പലായനങ്ങളും അനാഥത്വവും ഒരുവശത്ത്. സാമ്പത്തിക പ്രശ്‌നങ്ങളും കാലാവസ്ഥാ മാറ്റവും കാര്‍ഷിക പ്രതിസന്ധിയും മറുവശത്ത്. ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നതും ആവര്‍ത്തിക്കുന്ന കഥയായിക്കഴിഞ്ഞു. ഏറ്റവും സൂക്ഷ്മമായി പ്രശ്നങ്ങളെ അപഗ്രഥിച്ച്, ഭാവിയെ നോക്കികണ്ട്, പുതുതലമുറയെ ചേര്‍ത്തു പിടിച്ച് ഓരോ ചുവടും മുന്നോട്ട് വയ്‌ക്കേണ്ട സമയമാണിത്.
ജനാധിപത്യം നിരന്തരമായ സംവേദനമാണ്. എതിര്‍പ്പും ചോദ്യം ചെയ്യലും തുറന്ന സംഭാഷണവും തിരുത്തലും ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഏകവിളതോട്ടത്തില്‍ ഒരേയിനം മനുഷ്യരെ വളര്‍ത്തി, ഒരേ ഭാഷയും ഒരേ വിശ്വാസവും ഒരേ ജീവിത ശൈലിയും വളര്‍ത്തുന്ന, ഏത് വ്യത്യസ്തതയെയും ഭയക്കുന്ന വെറുപ്പിന്റെ തുരുത്തുകളും വര്‍ഗീയതയുടെ ഇരുളിടങ്ങളും സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. തുറന്ന മനസ്, സഹിഷ്ണുത, സംവാദം, തിരുത്തല്‍, നവീകരണം എന്നിവയിലൂന്നിയ കരുത്തുറ്റ ജനാധിപത്യത്തെ കാത്തു സൂക്ഷിക്കുന്ന കാവല്‍ക്കാരും പോരാളികളുമായി നമുക്ക് മാറാം. മഹാത്മജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങി അനേകം സമര ഭടന്മാര്‍ക്കുള്ള ഏറ്റവും വലിയ സല്യൂട്ടും അതാണ്.
രാജ്യത്തിനും സംസ്ഥാനത്തിനും സാമ്പത്തിക വളര്‍ച്ചയും വികസനവും വേണം. തൊഴിലുകള്‍ സൃഷ്ടിക്കപ്പെടണം. കൃഷി ഉള്‍പ്പെടെയുള്ള അടിസ്ഥാന മേഖലകള്‍ക്ക് വികസനവും സംരക്ഷണവും വേണം. ഒപ്പം കാലാവസ്ഥാ മാറ്റമെന്ന വന്‍പ്രതിസന്ധിയെ നേരിടാനാകണം. വികസന ഫലങ്ങള്‍ എല്ലാവരിലേക്കും എത്തണം. വികസനം ഏതാനും പേര്‍ക്കായുള്ളതല്ല. സര്‍വതലസ്പര്‍ശിയായ വികസനവും സമ്പത്തിന്റെ ന്യായമായതും നീതിപൂര്‍വകമായതുമായ വിതരണവുമാണ് ഒരു സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവം. അവിടെ വികസനം എന്നത് ജനപക്ഷത്ത് നിന്നുള്ളതായിരിക്കും. അതിന് മുന്‍ഗണനാക്രമങ്ങളുണ്ടാകും.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ആരുടെയും ഔദാര്യമല്ല. അത് അവകാശമാണ്. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും നല്‍കേണ്ട സംരക്ഷണം എന്നിവ ഇക്കാലത്ത് അതീവ പ്രധാനമാണ്. അതോടൊപ്പം പുതുതലമുറക്ക് ഇവിടെ പഠിക്കാനും തൊഴിലെടുക്കാനും സ്വന്തം കാലില്‍ അഭിമാനത്തോടെ നില്‍ക്കാനുമുള്ള വഴിയൊരുക്കണം. ലഹരി എന്ന മഹാവിപത്തിനെ പടിയിറക്കണം. നാട്ടില്‍ സമാധാനവും സുരക്ഷയും പുലരണം. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും മെച്ചപ്പെടണം. ഇവ ഈ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ളവയാണ്. ഇത് പ്രായോഗികമാക്കാനുള്ള നയസമീപനവും പരിപാടികളുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടന പോലെ മറ്റൊന്നില്ല. അത് ഒരു ജനതയുടെ അഭിമാനവും ഉറപ്പും പ്രതീക്ഷയും ഭാവിയെ കരുപ്പിടിപ്പിക്കുന്ന ചാലകശക്തിയുമാണ്. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വം, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം. ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കുമുള്ള പ്രത്യേക പരിഗണന എന്നിവ ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ ഒരു പരിസരം രാജ്യത്ത് ശക്തി പ്രാപിക്കുന്ന കാലഘട്ടം കൂടിയാണിത്. ജീവിതകാലം മുഴുവന്‍ രാഷ്ട്രീയ രംഗത്ത് നിന്ന നിരവധി തവണ ഭരണഘടനാ പദവിയില്‍ ഇരുന്ന രാജ്യത്തെ തലമുതിര്‍ന്ന നേതാവ് പോലും ജാതിവെറിയുടേയും തൊട്ടുകൂടായ്മയുടെയും പേരില്‍ അപമാനിക്കപ്പെട്ടത് കഴിഞ്ഞെ ദിവസം നമ്മള്‍ കണ്ടതാണ്. എന്ത് സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നത്? നമ്മുടെ രാജ്യം അവിടെ നിന്നൊക്കെ ഒരുപാട് മുന്നോട്ട് നടന്നതാണ്. ഇനിയും ആ ഇരുണ്ട കാലത്തേക്ക് തിരിച്ചു പോകരുത്. അത്തരം ശ്രമങ്ങള്‍ ഉണ്ടായാല്‍ അതിനെ നഖശിഖാന്തം എതിര്‍ക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. നമ്മുടെ ഭരണഘടനയും അതു ഉറപ്പു നല്‍കുന്ന അടിസ്ഥാന തത്വങ്ങളായ മതേതരത്വവും തുല്യതയും സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രത്യേക ശ്രദ്ധയോടെയും ജാഗ്രതയോടെയും കരുതലോടെയും പ്രവര്‍ത്തിച്ചേ മതിയാകൂ. ഭരണഘടനാതത്വങ്ങള്‍ക്കും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നമ്മള്‍ അണിനിരക്കേണ്ട സമയമാണിത്.
മഹാത്മജിയും ബാബാസാഹേബ് അംബ്ദേക്കറും ജവഹര്‍ലാല്‍ നെഹ്രുവും അബദുള്‍കലാം ആസാദും ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച ആദര്‍ശങ്ങള്‍ക്കും പ്രവര്‍ത്തന രീതികള്‍ക്കും മുന്‍പെന്നത്തേക്കാളും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഈ കാലഘട്ടത്തില്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. നാടെങ്ങും ചെറുപ്പക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഇതിന് ഉദാഹരണമാണ്. അവ കണ്ടില്ലെന്നു നടിക്കുന്നത് അക്ഷന്തവ്യമായ തെറ്റുമാണ്. നമ്മുടെ യുവത രാഷ്ട്രീയ ബോധ്യങ്ങള്‍ ഇല്ലാത്തവരല്ല. അവര്‍ എല്ലാം കാണുന്നും കേള്‍ക്കുന്നും മനസിലാക്കുന്നുമുണ്ട്. തിരുത്തല്‍ ശക്തിയാകാനും ഭാവിയില്‍ തെളിമയോടെ രാജ്യത്തെ നയിക്കാനുമുള്ള കരുത്ത് അവര്‍ക്കുണ്ട്. സമീപകാല സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. നമ്മുടെ യുവതയാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്.
എല്ലാവരെയും ചേര്‍ത്തു പിടിക്കുന്ന, നന്മ പ്രദാനം ചെയ്യുന്നതും പ്രകൃതിക്കും മനുഷ്യനും ഇണങ്ങുന്നതുമായ വികസനമാണ് നമ്മുടെ സ്വപ്നം. അനാവശ്യമായി പരസ്പരം പോരടിച്ചും മനുഷ്യരെ ഭയപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തിയും ലഹരിക്ക് അടിമപ്പെട്ടും വികസന വിരുദ്ധത ആയുധമാക്കിയും ഇനിയും നമുക്ക് മുന്നോട്ടു പോകാനാകില്ല. ആധുനികവും നീതിയുക്തവുമാകണം നമ്മുടെ കാഴ്ചപ്പാട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായ പരിഗണന ലഭിക്കണം. പുതുയുഗ കേരളം എന്നത് വെറും വാക്കല്ല, അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു ആശയമാണ്. അതിനായി നമുക്ക് ഒരുമിച്ചു നില്‍ക്കാം, വിശ്രമമില്ലാതെ പ്രയത്‌നിക്കാം, പോരാടാം. ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസില്‍ സൂക്ഷിക്കാം. എല്ലാവര്‍ക്കും ഊഷ്മളമായ സ്വാതന്ത്ര്യ ദിനാശംസകള്‍.
