മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാല്‍ രാജ്യത്ത് ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഫോര്‍മുല നടപ്പിലായാല്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമുണ്ടാകും. ഓരോ സംസ്ഥാനങ്ങളിലും വരുന്ന സീറ്റുകളുടെ മാറ്റം എങ്ങനെയാകുമെന്ന് നോക്കാം.

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാല്‍ രാജ്യത്ത് ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ധിക്കും. ഓരോ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം അധിക സീറ്റ് എന്ന ഫോര്‍മുല നടപ്പിലായാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമുണ്ടാകും. ഈ ഫോര്‍മുല നടപ്പിലായാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ മാറ്റം എങ്ങനെയാകുമെന്ന് നോക്കാം.

കേരളം

കേരളത്തില്‍ നിലവില്‍ 20 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2011-ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നിര്‍ണയമെങ്കില്‍ സീറ്റ് 23 ആയി വര്‍ധിക്കുമായിരുന്നു. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുകയെന്ന ഫോര്‍മുല നടപ്പിലായാല്‍, സീറ്റുകള്‍ 30 ആയി വര്‍ധിച്ചേക്കാം.

മറ്റ് സംസ്ഥാനങ്ങളില്‍

തമിഴ്‌നാട്ടിൽ നിലവിൽ 39 സീറ്റുകളാണുള്ളത്. 2011 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മാത്രം അതിർത്തി നിർണ്ണയം നടത്തിയിരുന്നെങ്കിൽ, 49 സീറ്റുകളായി വര്‍ധിക്കുമായിരുന്നു. എന്നാൽ പുതിയ ഫോർമുല നടപ്പിലായാല്‍ ഇത് 59 സീറ്റുകളായി ഉയരാൻ സാധ്യതയുണ്ട്. നിലവില്‍ 25 സീറ്റുകളാണ് ആന്ധ്രാപ്രദേശിലുള്ളത്. 2011-ലെ സെന്‍സസ് പ്രകാരം മാത്രമായിരുന്നങ്കില്‍ 33 ആയി വര്‍ധിക്കുമായിരുന്നു. എന്നാല്‍ പുതിയ ഫോര്‍മുല പ്രകാരം 37 ആയി വര്‍ധിക്കാം.

തെലങ്കാനയില്‍ നിലവിലുള്ളത് 17 സീറ്റുകളാണ്. 2011-ലെ സെന്‍സസ് പ്രകാരമായിരുന്നെങ്കില്‍ 24 സീറ്റുകളായി മാത്രമാണ് വര്‍ധിക്കേണ്ടിയിരുന്നത്. എന്നാല്‍ 50 ശതമാനം ഫോര്‍മുല നടപ്പിലായാല്‍ സീറ്റുകള്‍ 25 ആയി വര്‍ധിക്കും. നിലവില്‍ 28 സീറ്റുകളുള്ള കര്‍ണാടകയ്ക്ക് ഇത്തരത്തില്‍ 42 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ഒഡീഷയില്‍ നിലവിലുള്ളത് 21 സീറ്റുകളാണ്. എന്നാല്‍ സീറ്റ് 50 ശതമാനം വര്‍ധിപ്പിക്കുകയെന്ന ഫോര്‍മുല നടപ്പിലായാല്‍ ഇത് 31 സീറ്റുകളായി വര്‍ധിക്കും.

സമ്മേളനം നാളെ മുതല്‍

മൂന്ന് ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് (850) വനിതാ സംവരണം നടപ്പിലാക്കാനുള്ള ബില്ലിലെ ശുപാര്‍ശയടക്കം ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. മണ്ഡല പുനര്‍നിര്‍ണയ കമ്മീഷനാണ് ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നത്.

എല്ലായിടത്തും 50 ശതമാനം സീറ്റുകള്‍ എന്ന ഫോര്‍മുല നടപ്പിലാകുമോയെന്ന് വ്യക്തമല്ല. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കുമെന്ന് മാത്രമേ തീരുമാനിച്ചുള്ളൂ. ഓരോ സംസ്ഥാനത്തും എത്ര സീറ്റുകള്‍ വേണമെന്നത് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

പ്രതിഷേധം എന്തിന്?

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവര്‍ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജനസംഖ്യ ഫലപ്രദമായി നിയന്ത്രിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ നീക്കം തിരിച്ചടിയാകുമെന്നാണ് ആശങ്ക. ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേരും.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവര്‍ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജനസംഖ്യ ഫലപ്രദമായി നിയന്ത്രിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ നീക്കം തിരിച്ചടിയാകുമെന്നാണ് ആശങ്ക. ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേരും.