Photo | x.com/imurpartha

പാരീസ്: പാരീസ് ഒളിമ്പിക്‌സിനിടെ വിവാഹാഭ്യര്‍ഥന നടത്തുന്ന സ്റ്റീപ്പിള്‍ചേസ് താരത്തിന്റെ വീഡിയോ വൈറല്‍. ഫ്രഞ്ച് അത്‌ലറ്റായ ആലിസ് ഫിനോട്ട് ആണ് തന്റെ കാമുകനോട് പ്രൊപ്പോസല്‍ നടത്തിയത്. മത്സരം കഴിഞ്ഞതിനു പിന്നാലെ സ്റ്റാന്‍ഡ്‌സിലേക്ക് നടക്കുകയും കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുന്നതും വീഡിയോയില്‍ കാണാം.

സ്‌പെയിനില്‍നിന്നുള്ള ട്രയാത്ത്‌ലെറ്റായ ബ്രൂണോ മാര്‍ട്ടിനസും ഫിനോട്ടും തമ്മില്‍ ഒന്‍പത് വര്‍ഷമായി ഒന്നിച്ചുകഴിയുന്നവരാണ്. ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കുകയാണെങ്കില്‍ വിവാഹാഭ്യര്‍ഥന നടത്തുമെന്ന് ഉറപ്പിച്ചാണ് ഫിനോട്ട് ഓടിയത്. ഒന്‍പത് എന്നത് ഫിനോട്ടിന്റെ ഭാഗ്യ നമ്പറാണ്. കൂടാതെ ഇരുവരും ഒരുമിച്ചുള്ള ഒന്‍പത് വര്‍ഷം എന്ന പ്രത്യേകതയുമുണ്ട്. ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കാന്‍ കഴഇഞ്ഞതോടെയാണ് വിവാഹാഭ്യര്‍ഥന നടത്താന്‍ പാരീസ് വേദിയാക്കിയത്.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് മത്സരത്തില്‍ ഫിനോട്ടിന് മെഡലുകളൊന്നും ലഭിച്ചില്ല. പക്ഷേ, ഈയിനത്തിലെ യൂറോപ്യന്‍ റെക്കോഡ് തകര്‍ക്കാന്‍ കഴിഞ്ഞു.