Photo: ANI

പാരീസ്: ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായി അമന്‍ ഷെറാവത്ത് സെമിയില്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് താരം സെമിയില്‍ കടന്നിരിക്കുന്നത്. ക്വാര്‍ട്ടറില്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബറക്കോവിനെതിരേ സാങ്കേതിക മികവ് അടിസ്ഥാനമാക്കിയായിരുന്നു 21-കാരനായ അമന്റെ വിജയം (12-0).

മെഡലിന് ഒരു ജയം മാത്രം അകലെയാണ് താരം. സെമിയില്‍ ജപ്പാന്റെ റെയ് ഹിഗുച്ചിയാണ് അമന്റെ എതിരാളി. നേരത്തേ നോര്‍ത്ത് മാസിഡോണിയയുടെ വ്‌ളാഡിമിര്‍ ഇഗൊറോവിനെ 10-0ന് ഏകപക്ഷീയമായി കീഴടക്കിയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

നേരത്തെ, വനിതകളുടെ 57 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക് പ്രീക്വാര്‍ട്ടറില്‍ തോറ്റുപുറത്തായിരുന്നു.