Photo: ANI
ന്യൂയോര്‍ക്ക്: 2024 ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. അന്താരാഷ്ട്ര ടി20-യില്‍ 4000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട രോഹിത് ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പുരുഷ താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി.
ഇന്ത്യന്‍ താരം വിരാട് കോലി, പാക് താരം ബാബര്‍ അസം എന്നിവരാണ് നേരത്തേ ഈ നേട്ടത്തിലെത്തിയ പുരുഷ താരങ്ങള്‍. ന്യൂസീലന്‍ഡിന്റെ സൂസി ബാറ്റ്‌സാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ള ഏക വനിതാ താരം.
അതേസമയം മത്സരത്തില്‍ 37 പന്തുകള്‍ നേരിട്ട് 52 റണ്‍സെടുത്ത രോഹിത്, കൈക്ക് പന്തുകൊണ്ടതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. മൂന്നു സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
