റിയാസത്ത് അലിയുടെ ബാറ്റിങ് | photo: ap
ഗുയാന (വെസ്റ്റ് ഇൻഡീസ്) : ടി20 ലോകകപ്പിൽ പാപ്പുവ ന്യൂഗിനിക്കെതിരെ ഉഗാണ്ടയ്ക്ക് മൂന്ന് വിക്കറ്റ് വിജയം. ടി20 ലോകകപ്പിലെ ഉഗാണ്ടയുടെ ആദ്യവിജയമാണിത്. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഒരു ഘട്ടത്തിൽ പരാജയം മണത്തെങ്കിലും റിയാസത്ത് അലി ഷായുടെ ഒറ്റയാൻ ബാറ്റിങ് പോരാട്ടമാണ് ഉഗാണ്ടയെ തുണച്ചത്. സ്‌കോര്‍-പാപ്പുവ ന്യൂഗിനി: 77/10 (19.1 ഓവര്‍) . ഉഗാണ്ട :78/7 (18.2 ഓവര്‍).
ഉഗാണ്ടയുടെ എല്ലാ ബൗളർമാരും കൃത്യതയോടെ പന്തെറിഞ്ഞ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത പാപ്പുവ ന്യൂഗിനിയ 19.1 ഓവറിൽ 77 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 19 പന്തിൽ 15 റൺസെടുത്ത ഹിരി ഹിരിയാണ് ടോപ് സ്കോറർ. മൂന്നുപേർ മാത്രമാണ് പാപ്പുവ ന്യൂഗിനിയ നിരയിൽ രണ്ടക്കം കണ്ടത്. ഉഗാണ്ടയ്ക്ക് വേണ്ടി പന്തെറിഞ്ഞ എല്ലാ ബൗളർമാരും വിക്കറ്റ് നേടി. ഉഗാണ്ടയുടെ സ്പിന്നർ ഫ്രാങ്ക് സുബുഗ നാല് ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പടെ നാല് റൺസ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് സ്വന്തമാക്കി.
തകർച്ചയോടെയായിരുന്നു ഉഗാണ്ടയുടെ മറുപടി ബാറ്റിങ് ആരംഭിച്ചത്. ആറുറൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഒരുഘട്ടത്തിൽ 26-5 എന്ന നിലയിൽ പരുങ്ങിയെങ്കിലും ഒരറ്റത്ത് റിയാസത്ത് അലി ഷാ നിലയുറപ്പിച്ചു. പാപ്പുവ ന്യൂഗിനിയുടെ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ടുകൊണ്ട് റിയാസത്ത് അലി ഷാ മുന്നേറിയതോടെ മത്സരം ഉഗാണ്ടയുടെ കെെയിലായി. 56 പന്തുകളിൽ നിന്ന് 33 റൺസെടുത്ത റിയാസത്ത് അലി 18-ാം ഓവറിൽ പുറത്താകുമ്പോഴേക്കും ഉഗാണ്ട വിജയതീരമണിഞ്ഞിരുന്നു. റിയാസത്ത് അലി ഷായാണ് മാൻ ഓഫ് ദി മാച്ച്.
ജയത്തോടെ പോയിൻ്റ് പട്ടികയിൽ ഉഗാണ്ട് മൂന്നാമതെത്തി. ഇരുടീമുകളും ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. ആതിഥേയരായ വിൻഡീസിനോട് അഞ്ച് വിക്കറ്റിനായിരുന്നു പാപ്പുവ ന്യൂഗിനിയയുടെ തോൽവി. അഫഗാനിസ്ഥാനെതിരെ 125 റൺസിൻ്റെ കൂറ്റൻ തോൽവിയാണ് ഉഗാണ്ട ഏറ്റുവാങ്ങിയത്. നിലവിൽ അഫ്ഗാനിസ്ഥാനാണ് ഗ്രൂപ്പ് സിയിൽ ഒന്നാമത്.
